മക്കയിൽ ജൂലായ് 17 മുതൽ തീർത്ഥാടകർക്ക് പ്രവേശനം

Sunday 11 July 2021 2:51 AM IST

ജിദ്ദ ​: സൗദിയിൽ മാസപ്പിറവി കാണാതിരുന്നതിന്റെ പശ്ചാത്തലത്തിൽ ജൂലായ് 11 ദുൽഹിജ്ജ മാസം ഒന്നാം തീയതിയായി പരിഗണിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ഇതനുസരിച്ച് ഹജ്ജ് തീർഥാടകർക്ക് മക്കയിലേയ്ക്ക് ജൂലായ് 17, 18 (ദുൽഹിജ്ജ 7, 8) തീയതികളിൽ പ്രവേശനം അനുവദിക്കും. ജൂലൈ 18ന് തുടങ്ങുന്ന ഹജ്ജ് കർമ്മങ്ങങ്ങൾ ജൂലായ് 22ന് അവസാനിക്കും. ഹജ്ജ് തീർഥാടനത്തിലെ സുപ്രധാന കർമമായ അറഫ സമ്മേളനം ജൂലൈ 19ന് നടക്കും.

അതേ സമയം ഇത്തവണത്തെ ഹജ്ജ് തീർഥാടനത്തിന്റെ രജിസ്‌ട്രേഷൻ നടപടികളെല്ലാം പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ 60,000 പേർക്കാണ് ഇത്തവണ ഹജ്ജിന് അനുമതി നൽകിയിരിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം അനുമതി ലഭിച്ചവരിൽ രാജ്യത്ത് താമസമാക്കിയ 150 ലേറെ രാജ്യക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കർശന കൊവിഡ് നിയന്ത്രണങ്ങൾ

ജൂലൈ 17, 18 തീയതികളിൽ മക്കയിലെത്തുന്ന തീർഥാടകരെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നാല് കേന്ദ്രങ്ങളിലൂടെയാണ് മക്കയിൽ പ്രവേശിപ്പിക്കുക. അവിടെ നിന്ന് മറ്റ് തീർഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര തിരിക്കും. 20 പേർ അടങ്ങുന്ന തീർത്ഥാടകരുടെ ഓരോ സംഘത്തിനും ഒന്നു വീതം ഹെൽത്ത് എസ്‌കോർട്ട് ഉണ്ടാകുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. യാത്ര ഉൾപ്പെടെ ഹജ്ജ് തീർഥാടനത്തിന്റെ ഓരോ ഘട്ടത്തിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഓരോ സംഘത്തിനൊപ്പവും ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.

ഹജ്ജ് പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നത് നിയമലംഘനമാണെന്നും പിടിയിലാകുന്നവരിൽ നിന്ന് 10,000 റിയാൽ പിഴ ഈടാക്കുമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Advertisement
Advertisement