ഡൽഹിയിൽ 2500 കോടിയുടെ മയക്കുമരുന്ന് വേട്ട

Sunday 11 July 2021 12:00 AM IST

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് മുംബയ് വഴി കടത്തിക്കൊണ്ടുവന്ന 2500 കോടി രൂപ വിലയുള്ള 354 കിലോ ഹെറോയ്ൻ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി. ഡൽഹി സ്പെഷ്യൽ സെൽ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

അഫ്ഗാനിസ്ഥാനിൽ നിന്ന് കണ്ടെയ്നറുകളിൽ കടൽമാർഗം മുംബയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും കൊണ്ടുവന്ന ഹെറോയിൻ സൂക്ഷിക്കാൻ പ്രതികൾ ഡൽഹി അതിർത്തിയിലെ ഫരീദാബാദിൽ ഒരു വാടകവീട് ശരിയാക്കിയിരുന്നു. മധ്യപ്രദേശിലെ ശിവപുരിയിലുള്ള ഫാക്ടറിയിയിൽ സംസ്കരിച്ച ശേഷം പഞ്ചാബിലെ ഏജന്റുമാർക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് സ്പെഷ്യൽ സെൽ നീരജ് താക്കൂർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ മാഫിയാ തലവൻമാർ നേരിട്ടാണ് ഓപ്പറേഷൻ നിയന്ത്രിച്ചതെന്നും പൊലീസ് പറഞ്ഞു. ഇത്തരം സംഘങ്ങൾക്ക് പാക് സഹായം ലഭിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

Advertisement
Advertisement