റെയിൽവേ യാത്രക്കാർ 'സീസൺ' ദുരിതത്തിൽ

Sunday 11 July 2021 12:00 AM IST

ആലപ്പുഴ: സീസൺ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കാത്തതിനാൽ ട്രെയിൻ യാത്രക്കാർക്ക് പ്രതിഷേധം. നിലവിൽ മെമു സർവീസിന് മാത്രമാണ് സീസൺ ടിക്കറ്റുള്ളത്. കൊല്ലം ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊർണൂർ എന്നിവിടങ്ങളിലേക്കാണ് മെമു സർവീസ് നടത്തുന്നത്. ജില്ലയിൽ നിന്ന് തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കുമുള്ള സ്ഥിരം യാത്രക്കാരാണ് സീസൺ ടിക്കറ്റില്ലാത്തതിനാൽ വലയുന്നത്. സംസ്ഥാനത്ത് പൊതുഗതാഗതം പുനഃസ്ഥാപിച്ചിട്ടും സ്ഥിരം യാത്രക്കാരോട് മുഖംതിരിക്കുന്ന നടപടിയാണ് റെയിൽവേ സ്വീകരിക്കുന്നതെന്ന പരാതി വ്യാപകമാണ്. സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ ഓൺലൈനിലൂടെയോ അല്ലാതെയോ ടിക്കറ്റ് ബുക്ക് ചെയ്യണ്ട അവസ്ഥയാണ്.

സീസൺ ടിക്കറ്റില്ലാത്തതിനാൽ യാത്രാച്ചെലവ് കൂടുതലാണ്. ചില ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിനാൽ ഇരട്ടിയിലധികം തുക നഷ്ടമാകുന്ന സാഹചര്യമുണ്ട്. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തതിനാൽ മറ്റ് യാത്രാ മാർഗ്ഗങ്ങളാണ് ആശ്രയം. മറുപടിയിൽ വ്യക്തതയില്ലെങ്കിലും സീസൺ ടിക്കറ്റ് ഉടൻ ആരംഭിക്കുമെന്നാണ് അധികൃതരുടെ മറുപടി. കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവ പതിവുപോലെ ആരംഭിച്ചിട്ടും റിസർവേഷനിലൂടെ മാത്രം ട്രെയിൻ യാത്രയെന്ന തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ റെയിൽവേ ഇനിയും തയ്യാറാവുന്നില്ല.

ഓൺലൈൻ ബുക്കിംഗിൽ ഇന്റർനെറ്റ് വേഗക്കുറവ് എപ്പോഴും പ്രശ്‌നമാകാറുണ്ട്. പേമെന്റ് ബാങ്ക് സൈറ്റ് കിട്ടാതിരിക്കുന്നത് സ്ഥിരം പ്രതിസന്ധിയാകുകയാണന്ന് യാത്രക്കാർ പറയുന്നു. ഹ്രസ്വദൂര യാത്രക്കാർക്കും നിലവിൽ റിസർവേഷൻ നിർബന്ധമാണ്. ഓൺലൈൻ ബുക്കിംഗിൽ ഓരോ ടിക്കറ്റിനും 15 രൂപ മുതൽ അധികം നൽകുകയും വേണം.

 നിരക്ക് കുറയുന്നില്ല

ഏറനാട്, പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചിട്ടില്ല. നിലവിൽ 30 രൂപ മിനിമ ചാർജ് നൽകണം. ഈ ട്രെയിനുകളിൽ സീസൺ ടിക്കറ്റ് നൽകാത്തത് ദുരിതമാണ്. സീസൺ ടിക്കറ്റ് ഉള്ളപ്പോൾ ധൻബാദ്, ഷാലിമാർ ട്രെയിനുകളിൽ 15 രൂപയുടെ ടിക്കറ്റും സീസൺ ടിക്കറ്റായി കാട്ടി യാത്രചെയ്യാമായിരുന്നു. നിലവിൽ ഇത് അനുവദിക്കുന്നില്ല. യാത്രക്കാർ കുറവായതിനാലാണ് സീസൺ ടിക്കറ്റ് പുനരാരംഭിക്കാത്തതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

...........................

 സീസൺ ടിക്കറ്റ് നിരക്ക്....185 രൂപ (150 കിലോമീറ്റർ വരെ)

.....................

സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കുന്നതോടൊപ്പം കൊവിഡ് മാനദണ്ഡം പാലിച്ച് പാസഞ്ചർ, മെമു സർവീസുകൾ ആരംഭിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. നിലവിലുള്ള സർവീസുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുകയും വേണം

(ഫ്രണ്ട്സ് ഓൺ റെയിൽസ് കൂട്ടായ്മ)

Advertisement
Advertisement