ഒടിടി റിലീസിന് പിന്നാലെ ചതുർമുഖത്തിന് ഇരട്ടിമധുരം, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പുറമേ തെലുങ്കിലേക്കും, റൈറ്റ്സ് വിറ്റത് റെക്കാഡ് തുകയ്ക്ക്

Sunday 11 July 2021 2:04 PM IST

മഞ്ജു വാര്യരും- സണ്ണിവെയ്‌നും മുഖ്യവേഷങ്ങളിലെത്തിയ 'ചതുർമുഖം' ഒടിടി റിലീസിന് പിന്നാലെ കൂടുതൽ ശ്രദ്ധ നേടുന്നു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പുറമേ തെലുങ്കിലേക്കും ചിത്രം എത്തുകയാണ്. 41 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിൻെറ ഡബ്ബിംഗ് റൈറ്റ്സ് വിറ്റത്. ഇതിന് പുറമേ കൂടൂതൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്ക്.ജൂലായ് ഒൻപതിനായിരുന്നു ചിത്ര 'ZEE5' ഒ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്.ആവിഷ്‌കാരത്തിലും അവതരണത്തിലും വ്യത്യസ്തതയും നിലവാരവും പുലർത്തിയ ചതുർമുഖം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നതോടൊപ്പം മഞ്ജുവാര്യരുടെ അഭിനയമികവും ചർച്ചയാകുകയാണ്.

'ചതുർമുഖം' സൗത്ത് കൊറിയയിലെ ചുഞ്ചിയോൺ ഫിലിം വെസ്റ്റിവലിലേക്ക് ( Chuncheon Film Festival-CIFF) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സയൻസ്-ഫിക്ഷൻ കാറ്റഗറിയിലുള്ള സിനിമകളാണ് സിഐഎഫ്എഫ് പരിഗണിക്കുന്നത്. 1629 എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 സിനിമകളിൽ ഒന്നാണ് ചതുർമുഖം.

ഇതുകൂടാതെ Méliès International Festivals Federation (MIFF)-ലേക്കും ചതുർമുഖം തിരഞ്ഞെടുക്കെപ്പെട്ടു. ബെസ്റ്റ് ഏഷ്യൻ ഫിലിം ആയാണ് ചതുർമുഖം പരിഗണിക്കപ്പെടുന്നത്. 1987 ൽ സ്ഥാപിതമായ European Fantastic Film Festivals Federation (EFFFF) ആണ് പിൽക്കാലത്ത് MIFF ആയത്. ബെൽജിയത്തിലെ ബ്രസ്സൽസ് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഈ സംഘടന 16 രാജ്യങ്ങളിൽ നിന്നായി 22 ഫിലിം ഫെസ്റ്റിവലുകളുടെ ഒരു ഫെഡറേഷനാണ്.


കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിഫാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്ന് ചതുർമുഖം ആയിരുന്നു. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമേ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരാനിര ചിത്രത്തില്‍ അണിനിരക്കുന്നു.

വിഷ്വല്‍ഗ്രാഫിക്‌സിനും സൗണ്ട് ഡിസൈനിങിനും പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മിച്ചിരിക്കുന്ന സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Advertisement
Advertisement