ആശുപത്രിപദവി സ്വപ്നം കണ്ട് സംസ്ഥാനത്തെ ഏക യുനാനി ഡിസ്‌പെൻസറി 

Sunday 11 July 2021 8:07 PM IST
മൊഗ്രാൽ യൂനാനി ഡിസ്‌പെൻസറി

കാസർകോട്: ആരോഗ്യരംഗത്ത് നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ച് പൊതുജനങ്ങളുടെ ആശാകേന്ദ്രമായി മാറിയ മൊഗ്രാലിലെ യുനാനി ഡിസ്പെൻസറി ആശുപത്രിയായി ഉയർത്തണമെന്ന നാട്ടുകാരുടെ മുറവിളി യാഥാർത്ഥ്യമാകാൻ വൈകുന്നു. ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം തുറക്കുന്നതിന്റെ ഒപ്പം തന്നെ ആശുപത്രിയായി ഉയർത്തി കിടത്തിചികിത്സ തുടങ്ങാൻ സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ചിരകാലാഭിലാഷം. കിടത്തി ചികിത്സ നടത്തുന്നതിനുള്ള കിടക്കകൾ, മറ്റു സംവിധാനങ്ങൾ, കൂടുതൽ ,മുറികൾ എന്നിവ ഏർപ്പെടുത്തുന്നതിന് പ്രത്യേകം ഫണ്ട് അനുവദിക്കേണ്ടിവരും.

അതോടൊപ്പം നേഴ്‌സ്, ഫാർമസിസ്റ്റ് തുടങ്ങി കൂടുതൽ ജീവനക്കാരുടെ നിയമനവും നടത്തണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി കൈക്കൊള്ളണമെങ്കിൽ ആയുഷ് വകുപ്പിന്റെ നയപരമായ തീരുമാനം ഉണ്ടാകണമെന്നാണ് അറിയുന്നത്. ജീവിതശൈലി രോഗങ്ങളുൾപ്പെടെ പല രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സയുള്ള ഈ ചികിത്സാലയം കേരള സർക്കാറിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏക കേന്ദ്രം കൂടിയാണ്. യുനാനി ചികിത്സയുടെ ഫലപ്രാപ്തി കേട്ടറിഞ്ഞു കർണാടകയിൽ നിന്ന് പോലും ചികിത്സയ്ക്കായി രോഗികൾ മൊഗ്രാലിൽ എത്തുന്നു.

ദിവസേന നൂറോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. 1991ലാണ് സംസ്ഥാനത്ത് ആദ്യമായി യൂനാനി ഡിസ്പെൻസറി ജില്ലയിലെ മൊഗ്രാലിൽ ആരംഭിച്ചത്. കേരളത്തിൽ അംഗീകൃത യൂനാനി ഫാർമസികൾ കുറവായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് മരുന്നുകൾ ഡിസ്പെൻസറിയിൽ എത്തിക്കുന്നത്.

കുമ്പള ഗ്രാമപഞ്ചായത്തിന് കീഴിൽ
ആയുഷ് വകുപ്പിന് കീഴിലുള്ള ഈ യൂനാനി കേന്ദ്രം കുമ്പള ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.സൗജന്യമരുന്നുകൾക്ക് മാത്രമായി പഞ്ചായത്ത് വലിയൊരു തുകയാണ് വർഷാവർഷം ചിലവഴിക്കുന്നത്. 2021-22 വാർഷിക പദ്ധതിയിൽ 14 ലക്ഷമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കാസർകോട് വികസന പാക്കേജിൽ 50 ലക്ഷം രൂപ ചിലവിട്ട് പുതിയ കെട്ടിടം ഏതാണ്ട് പൂർത്തിയാക്കി.

യൂനാനി

തെക്കേ ഏഷ്യയിൽ പ്രചാരത്തിലുള്ള ഒരു പാരമ്പര്യചികിത്സാരീതിയാണ് യുനാനി. യുനാനി തിബ്ബ്, യുനാനി മെഡിസിൻ എന്നൊക്കെ അറിയപ്പെടുന്നു. അറബി, ഹിന്ദി,ഉറുദു, പേർഷ്യൻ ഭാഷകളിലൊക്കെ ഗ്രീക്ക് മൈഡിസിൻ എന്നാണ് ഇതിനർത്ഥം. ഗ്രീക്ക് ഭിഷഗ്വരൻ ഹിപ്പോക്രാറ്റസും റോമൻ ഭിഷഗ്വരൻ ഗലേനും വളർത്തിയെടുത്ത വൈദ്യശാഖയാണിത്. മനുഷ്യ ശരീരം മൂന്നു ഘടകങ്ങൾ കൊണ്ടുണ്ടാക്കിയതാണെന്ന് യുനാനി പറയുന്നു. ഓർഗൻസ് എന്ന ഖരരൂപത്തിലുള്ളത്, ഹ്യൂമേഴ്സ് എന്ന ദ്രാവകരൂപത്തിലുള്ളത്, ന്യൂമ എന്ന വാതക രൂപത്തിലുള്ളത്. മനുഷ്യശരീരത്തിലെ ദം, ബൽഗം, സഫ്ര, സൌദ എന്നീ ഹ്യൂമേഴ്സ് ഘടകങ്ങളുടെ അസന്തുലിതാവസ്തയാണ് രോഗകാരണമെന്ന് യുനാനി പറയുന്നു.

Advertisement
Advertisement