സരിത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്: കെ. സുധാകരൻ

Monday 12 July 2021 12:00 AM IST

തിരുവനന്തപുരം: സ്വർണക്കടത്തിൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ പേരുണ്ടെന്ന് വരുത്താൻ പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ സ്വർണക്കടത്തു കേസിലെ പ്രതിക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത്തിനെ കൊണ്ട് ഇത്തരമൊരു മൊഴി ഉണ്ടാക്കുന്നതിനാണ് ജയിലുദ്യോഗസ്ഥരിൽ ചിലർ സമ്മർദ്ദം ചെലുത്തിയത്. പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തിക്കൊണ്ടുവന്നതിന്റെ പകപോക്കലാണ് ചെന്നിത്തലയോട് നടത്തുന്നത്.


സ്വർണക്കടത്തുമായി ബന്ധപ്പെട്ടത് പിണറായി വിജയന്റെ ഓഫീസും വിശ്വസ്തരായ ആളുകളുമാണെന്നത് ജനങ്ങൾക്ക് ബോദ്ധ്യമുണ്ട്. സർക്കാരിന്റെ ശമ്പളം പറ്റി പിണറായി വിജയനും സി.പി.എമ്മിനും വേണ്ടി വിടുപണിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ വഴിയിൽ കൈകാര്യം ചെയ്യേണ്ടി വരും. സരിത്തിനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മാറ്റാനും വ്യാജമൊഴി സൃഷ്ടിക്കാനുമായി ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ചെന്നിത്തലയ്‌ക്കെതിരെ പകപോക്കൽ രാഷ്ട്രീയം തുടരാനാണ് പിണറായിയുടെയും കൂട്ടരുടേയും നീക്കമെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും സുധാകരൻ പറഞ്ഞു.