വിദേശ ശക്തികൾക്കെതിരെ ഒന്നിക്കും, സഹകരണം ശക്തിപ്പെടുത്തി ഉത്തര കൊറിയയും ചൈനയും

Monday 12 July 2021 12:00 AM IST

ബീജിംഗ്: വിദേശശക്തികളുടെ വെല്ലുവിളികൾക്കെതിരെ ഒന്നിച്ച് പോരാടാനും ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആഹ്വാനം ചെയ്ത് ഉത്തര കൊറിയയും ചൈനയും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാർദ ഉടമ്പടിയുടെ 60ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം കൈമാറിയത്. കരാർ ഈ വർഷം അവസാനിക്കാനിരിക്കെ അടുത്ത 20 വർഷത്തേയ്ക്ക് കൂടി പുതുക്കാൻ ധാരണയായെന്നാണ് വിവരം.

വിദേശ രാജ്യങ്ങളുടെ ഭീഷണി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണെന്ന് കിം ജോങ് ഉൻ പറഞ്ഞു. ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും കിം കൂട്ടിച്ചേർത്തു. സമീപ വർഷങ്ങളിൽ സങ്കീർണ്ണമായ അന്താരാഷ്ട്ര സാഹചര്യം ഉണ്ടായിരുന്നിട്ടും,ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും സൗഹൃദവും ദിനംപ്രതി ശക്തിപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ഘട്ടത്തിലേക്ക് എത്തിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ജിൻപിങ് ഉറപ്പു നല്കിയതായി ഉത്തര കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ആണവ ചർച്ചകൾക്കിടയിലാണ് അമേരിക്കയുമായി ഇടഞ്ഞു നിൽക്കുന്ന ചൈന ഉത്തരകൊറിയയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

Advertisement
Advertisement