ഹെയ്തിയിലേയ്ക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് യു.എസ്

Monday 12 July 2021 1:23 AM IST

വാഷിംഗ്ടൺ : ഹെയ്തി പ്രസിഡന്റ് ഹൊവനൈൽ മോസെയുടെ വധത്തോടെ രാഷ്ട്രീയ അസ്ഥിരത രൂക്ഷമായ ഹെയ്തിയിലേയ്ക്ക് സൈന്യത്തെ അയയ്ക്കാൻ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ്. എന്നാൽ അന്വേഷണത്തിൽ സഹായിക്കാൻ എഫ്.ബി.ഐ, ആഭ്യന്തര സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ ഹെയ്തിയിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു. പ്രസിഡന്റിന്റെ വധത്തോടെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായതോടെ രാജ്യത്തെ സംരക്ഷണത്തിനായി യു.എസും യു.എന്നും സൈനികരെ അയക്കണമെന്ന് ഹെയ്തിയിലെ ഇടക്കാല സർക്കാർ അഭ്യർത്ഥിച്ചിരുന്നു.

28 വിദേശ കമാൻഡോസംഘമാണ് പ്രസിഡന്റിനെ വധിച്ചതെന്ന് കഴിഞ്ഞ ദിവസം ഹെയ്തി പൊലീസ് വ്യക്തമാക്കിയിരുന്നു. തലസ്ഥാനമായ പോർട്ടോ പ്രിൻസിൽ നടന്ന ഏറ്റുമുട്ടലിൽ നാലുപേരെ വധിക്കുകയും 17 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.

അതിനിടെ, ഹെയ്തിയിലേക്ക് യു.എൻ സംഘത്തെ അയയ്ക്കുന്നതിന് യു.എൻ രക്ഷാസമിതി അംഗങ്ങളുടെ അനുമതി തേടണം.

Advertisement
Advertisement