അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം
Tuesday 13 July 2021 12:00 AM IST
ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ സമാധാനം നിലനിറുത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കിഴക്കൻ ലഡാക് അതിർത്തിയിലെ ദെംചുക് മേഖലയിൽ വീണ്ടും ചൈനീസ് സൈന്യത്തിന്റെ പ്രകോപനം. ജൂലായ് ആറിന് ഡെംചുക്കിൽ ഡോളി ടാംഗോ എന്ന സ്ഥലത്ത് നദീ തീരത്ത് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ പിറന്നാൾ ആഘോഷം നടക്കുന്നതിനിടെയാണ് ഏതാനും ചൈനീസ് സൈനികരും സിവിലയൻമാരും ഇന്ത്യൻ അധീനതയിലുള്ള സ്ഥലത്തെത്തിയത്.
നദിക്കപ്പുറത്ത് വന്ന സംഘം ടിബറ്റിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് ചൈനീസ് ഭാഷയിൽ എഴുതിയ നീണ്ട ബാനർ പ്രദർശിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനങ്ങളിലെത്തിയ സൈനികരും സിവിലയൻമാരും അരമണിക്കൂറോളം നദിക്കരയിൽ നിന്ന ശേഷം മടങ്ങി.