അതൃപ്തി പരിഹരിക്കാൻ കേരള കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ്

Tuesday 13 July 2021 12:07 AM IST

തൊടുപുഴ: കേരള കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾക്കുള്ള അതൃപ്തി പരിഹരിക്കാൻ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പുറപ്പുഴയിലെ വസതിയിൽ വൈകിട്ട് ചേർന്ന കോർ കമ്മിറ്റി സമിതി യോഗത്തിന് ശേഷം പി.ജെ. ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അർഹമായ സ്ഥാനങ്ങൾ ലഭിക്കാത്തതിലും യോഗം വിളിക്കാതെ പ്രധാന തീരുമാനങ്ങളെടുക്കുന്നതിലും പ്രതിഷേധിച്ച് ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ നേരത്തേ പി.ജെ. ജോസഫിനോട് അതൃപ്തി അറിയിച്ചിരുന്നു. തനിക്ക് നൽകിയ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ഫ്രാൻസിസ് ജോർജ് നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ പി.ജെ. ജോസഫിന്റെ വീട്ടിൽ ഇന്നലെ കോർ കമ്മിറ്റി ചേർന്നത്.

നാല് മണിക്കൂറോളം നീണ്ട യോഗത്തിൽ ,ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിനെതിരെ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചതായാണ് സൂചന. മോൻസ് ജോസഫിനും ജോയ് എബ്രഹാമിനുമെതിരെ ഒരു വിഭാഗം നേതാക്കൾ ശക്തമായ വിമർശനമുന്നയിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസഫ് പറഞ്ഞു. പാർട്ടി നിർദ്ദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് പറഞ്ഞ ഫ്രാൻസിസ് ജോർജ് ,നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി താത്കാലികമാണെന്നും പറഞ്ഞു.

Advertisement
Advertisement