കേരള സർക്കാരിന്റെ അവകാശവാദങ്ങൾ പൊട്ടക്കി​ണറ്റി​ലെ തവളയുടേത്: കിറ്റെക്സ്

Tuesday 13 July 2021 12:21 AM IST

കൊച്ചി: കേരളം വ്യവസായസൗഹൃദമാണെന്ന സർക്കാരിന്റെ അവകാശവാദം പൊട്ടക്കിണറ്റിലെ തവളയുടെ പറച്ചിലാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ് പറഞ്ഞു. നിക്ഷേപം ആകർഷിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ 50 വർഷം പിന്നിലാണ് കേരളം. അയൽസംസ്ഥാനങ്ങളിലെ സ്ഥിതി പഠിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ ആസൂത്രണം ചെയ്ത 3,500 കോടി രൂപയുടെ പദ്ധതികൾ തെലങ്കാനയിൽ നടപ്പാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി സംസാരിച്ചാലും മാറ്റില്ല. കേരളത്തിലെ സ്ഥാപനങ്ങൾ തുടരും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പ്രതികാരത്തോടെ പെരുമാറി പ്രവർത്തിക്കാൻ പറ്റാതാക്കിയാൽ ഇവിടത്തെ യൂണിറ്റുകളും അടച്ചുപൂട്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റും. നാടിനോടുള്ള സ്നേഹവും കടപ്പാടുംകൊണ്ടാണ് ഇത്രയുംകാലം സഹിച്ചത്. വ്യവസായത്തിനൊപ്പം നാടും വളരണമെന്നായിരുന്നു പിതാവ് ജേക്കബിന്റെ ആഗ്രഹം

പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടൽ മറ്റിടങ്ങളിൽ അനുവദിക്കില്ല. കേരളത്തിലെ പദ്ധതി ഉപേക്ഷിച്ച് തെലങ്കാനയ്ക്ക് പോയപ്പോൾ കിറ്റെക്സിന്റെ ഓഹരിമൂല്യം 19 ശതമാനമാണ് വർദ്ധിച്ചത്. ഒറ്റ ദിവസം 200 കോടി വർദ്ധിച്ചു. നിക്ഷേപസൗഹൃദമല്ല കേരളമെന്നതിന് സാമ്പത്തികമേഖല നൽകിയ അംഗീകാരമാണത്.

 ഇവിടെ ഏകജാലകം അവിടെ റിബേറ്റ്

അനുമതികൾക്ക് ഏകജാലകം സൃഷ്ടിച്ചതാണ് നേട്ടമായി കേരളം പറയുന്നത്. മറ്റിടങ്ങളിൽ 25 വർഷം മുമ്പ് നടപ്പാക്കിയതാണത്. ഐ പാസ്, ഇ പാസ് തുടങ്ങിയ സംവിധാനങ്ങളാണ് മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കുന്നത്. നിക്ഷേപർക്ക് 10 വർഷത്തേക്ക് ആവശ്യമായ മുഴുവൻ ലൈസൻസുകളും ഉടനടി നൽകും. 10 വർഷം കഴിഞ്ഞ് പുതുക്കിത്തരും. ഒരു പഞ്ചായത്ത് ഓഫീസിൽ പോലും സംരംഭകൻ കയറിയിറങ്ങേണ്ട.

നിക്ഷേപത്തിന്റെ പലിശയിൽ റിബേറ്റ് നൽകാൻ അയൽസംസ്ഥാനങ്ങൾ തയ്യാറാണ്. ആയിരം കോടി നിക്ഷേപിച്ചാൽ 250 കോടി രൂപ വരെ റിബേറ്റായി ലഭിക്കും. തുടർച്ചയായ വൈദ്യുതി, വെള്ളം, ഗതാഗതസൗകര്യം എന്നിവ നൽകും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ പരിശോധനകൾ നടത്തൂ. പ്രശ്നങ്ങളും പരാതികളും മന്ത്രിമാരുൾപ്പെടെ നേരിട്ടിടപെട്ട് പരിഹരിക്കും. 10 വർഷത്തേക്ക് സംസ്ഥാന ജി.എസ്.ടി ഉൾപ്പെടെ ഒഴിവാക്കി വിവിധ ആനുകൂല്യങ്ങൾ അയൽസംസ്ഥാനങ്ങൾ നൽകുന്നുണ്ട്.

 സി.ഇ.ഒയെപ്പോലെ തെലങ്കാന മന്ത്രി

തെലങ്കാന വ്യവസായമന്ത്രി ഒരു സി.ഇ.ഒയെപ്പോലെയാണ് പെരുമാറിയത്. നിക്ഷേപത്തെക്കാൾ തൊഴിൽ ഉറപ്പാക്കുകയാണ് പ്രധാനമെന്നാണ് ക്ഷണിച്ച ഒമ്പത് സംസ്ഥാനങ്ങളും അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വർഷമായി കുടുംബപരമായ ബന്ധവും അടുപ്പവുമുണ്ട്. ബിസിനസ് ആവശ്യത്തിന് ബന്ധം ഉപയോഗിച്ചില്ല. ജൂൺ 29ന് പ്രശ്നങ്ങൾ ഉന്നയിച്ചിട്ടും ഒരു ക്ളാർക്ക് പോലും വിളിച്ചില്ല, ചർച്ചയ്ക്ക് തയ്യാറായില്ല.

 ഗൂഢാലോചന വെളിപ്പെടുത്തും

കിറ്റെക്സിനെ തകർക്കാനും പൂട്ടിക്കാനും ഗൂഢാലോചന നടത്തിയത് ആരാണെന്ന് തെളിവുകൾ സഹിതം വെളിപ്പെടുത്തും. തെളിവുകൾ ശേഖരിച്ചുവരികയാണ്. കോൺഗ്രസ്, സി.പി.എം എം.എൽ.എമാർ ശ്രമത്തിന് പിന്നിലുണ്ട്.

മുൻ കോൺഗ്രസുകാരനും ഇപ്പോൾ സി.പി.എമ്മുകാരനുമായ കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനാണ് കിറ്റെക്സിനെതിരെ മുന്നിൽ നിൽക്കുന്നത്. സി.പി.എം, കോൺഗ്രസ് കൂട്ടുകെട്ടിന്റെ കാരണവും ഇതാണ്. സി.പി.എം ജില്ലാ കമ്മിറ്റിയിലെ ചിലർക്കും ഇഷ്ടക്കേടുണ്ട്. പാർട്ടിയെ സംരക്ഷിക്കാനാകാം തന്നെ മുഖ്യമന്ത്രി വിമർശിക്കുന്നത്.

'കേരളത്തിലെ പദ്ധതി ഉപേക്ഷിച്ചതിന്റെ വിഷാദത്തിലാണ് തെലങ്കാനയിലേക്ക് പോയത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തോടെയാണ് തിരിച്ചെത്തിയത്. അത്രയ്ക്ക് രാജകീയവും ഉൗഷ്‌മളവുമായ സ്വീകരണമാണ് ലഭിച്ചത്".

-സാബു എം. ജേക്കബ്,

സി.എം.ഡി, കിറ്റെക്സ്

Advertisement
Advertisement