ഷെഡ്ഡിൽ നിന്നെടുത്ത കാർ കിണറിലിടിച്ചു, വെള്ളത്തിൽ വീണ കുട്ടികൾരക്ഷപ്പെട്ടു

Tuesday 13 July 2021 12:00 AM IST

പൊൻകുന്നം : ഷെഡ്ഡിൽ നിന്നെടുന്ന കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറിന്റെ ഭിത്തി തകർത്തു നിന്നു. സമീപം കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾ കിണറ്റിലേക്ക് വീണെങ്കിലും രക്ഷപ്പെടുത്താനായി.
പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീറിന്റെ കാറാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ 8 മണിയോടെ ഷെഡിൽ നിന്ന് കാർ പുറത്തേക്കിറക്കവേയാണ് അമിതവേഗത്തിൽ നീങ്ങി 15 അടി മാറിയുള്ള കിണറിന്റെ ഭിത്തിയിലിടിച്ചത്. ഈ സമയം ഷബീറിന്റെ മകൾ ഷിഫാന (14), ഷബീറിന്റെ അനുജൻ സത്താറിന്റെ മകൻ മുഫസിൻ (നാലര) എന്നിവർ ഇരുമ്പവലയിട്ട കിണറിന്റെ ഭിത്തിയോട് ചേർന്ന് നിൽക്കുന്നുണ്ടായിരുന്നു. കാറിടിച്ച് ഭിത്തിയുടെ ഒരുഭാഗം തകർന്നതോടെ കുട്ടികൾ 32 അടി ആഴമുള്ള കിണറിലേയ്ക്ക് വീണു. മുഹമ്മദ് ഷബീറിന്റെ ജ്യേഷ്ഠൻ സക്കീർ ഹുസൈൻ മൗലവി ഉടൻ പൈപ്പിലൂടെ കിണറിലേക്ക് ഊർന്നിറങ്ങി കുട്ടികളെ വെള്ളത്തിനു മുകളിൽ ഉയർത്തിനിർത്തി. കിണറിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. കസേര കെട്ടിയിറക്കി ഷിഫാനയെ കരയിലെത്തിച്ചു. സക്കീർ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് രക്ഷിച്ചത്. കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. കാറോടിച്ച മുഹമ്മദ് ഷബീറിനും പരിക്കില്ല.

Advertisement
Advertisement