മോഹൻലാലിന്റെ ആ സിനിമ ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്; അദ്ദേഹത്തിന്റെ അധോലോക രാജാവായുളള പ്രകടനം ആരേയും അദ്ഭുതപ്പെടുത്തുമെന്ന് റോബിൻ തിരുമല

Tuesday 13 July 2021 12:10 AM IST

മലയാള സിനിമയിൽ അനേകം കഥാപാത്രങ്ങളെ തന്റെ അഭിനയ മികവിലൂടെ സമ്പന്നമാക്കിയ താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ റോബിൻ തിരുമല. മലയാള സിനിമയിൽ തനിക്കിഷ്ടപ്പെട്ട അനേകം സിനിമകളുണ്ടെങ്കിലും അതിലെടുത്ത് പറയേണ്ട സിനിമയാണ് 1986ൽ പുറത്ത് വന്ന 'രാജാവിന്റെ മകൻ' എന്ന് അദ്ദേഹം പറയുന്നു.

​​​​​​അതുവരെയും മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ഒരു ചടുലതയോടെ വിൻസന്റ് ​ഗോമസ് എന്ന അധോലോക രാജാവിന്റെ അതിമാസ്മരികമായ പ്രകടനം മോഹൻലാലിലൂടെ കാണുമ്പോൾ അദ്ഭുതപ്പെട്ട് പോകും. ആ സിനിമ ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. അന്ന് ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ തിരക്കഥയായിരുന്നു. ഒരു എഴുത്തുകാരൻ ആകാൻ ആ​ഗ്രഹിക്കുന്ന, ആക്ഷൻ സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന എന്നെപ്പോലെ ഒരാൾക്ക് നവ്യഅനുഭവമായിരുന്നു രാജാവിന്റെ മകൻ.

​​​​​തന്റെ മനസിൽ ഏറ്റവും കൂടുതൽ മായാതെ ആഴത്തിൽ കിടക്കുന്നത് ഒരു പക്ഷെ 'രാജാവിന്റെ മകൻ' ആയിരിക്കാം. മലയാള സിനിമയിലേക്കുളള തന്റെ കടന്നുവരവിന് ഊർജം പകർന്ന ഒരു സിനിമയായിരുന്നു അത്. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൊമേഴ്ഷ്യൽ സിനിമകളിൽ ഒന്നായി 'രാജാവിന്റെ മകൻ' അടയാളപ്പെടുത്തുന്നു. ആ സിനിമയിലെ കഥാപാത്രങ്ങളായ വിൻസന്റ് ​ഗോമസും കൃഷ്ണദാസും ആൻസിയുമൊക്കെ തന്റെ മനസിൽ മായാതെ മണിമുഴക്കിക്കൊണ്ടിരിക്കുന്നു എന്നും റോബിൻ ഒരു യുട്യൂബ് ചാനലിനോട് പറഞ്ഞു.