കൂടത്തായി മോഡൽ പാലക്കാടും, ഭർത്താവിന്റെ മുത്തശ്ശിയെപ്പോലും വെറുതെവിട്ടില്ല! ഭർതൃപിതാവിന് വിഷം നൽകിയത് രണ്ട് വർഷത്തോളം

Tuesday 13 July 2021 10:32 AM IST

പാലക്കാട്: കൂടത്തായി മോഡൽ കൊലപാതകം പാലക്കാട്ടും. ഭർതൃപിതാവിന് യുവതി രണ്ട് വർഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷ പദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചു. കേസിൽ പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനൽ സെഷൻസ് കോടതി അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു.

2013 മുതൽ 2015 വരെയുള്ള കാലയളവിലായിരുന്നു യുവതി ഭർതൃപിതാവ് മുഹമ്മദിന് വിഷ പദാർത്ഥം നൽകിയത്. ഇദ്ദേഹത്തിന് ഇടയ്ക്കിടെ വയറിളക്കവും ഛർദിയും അനുഭവപ്പെടാറുണ്ടായിരുന്നു. ഒരു ദിവസം ഫസീല ഭക്ഷണത്തിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ടതോടെയാണ് മുഹമ്മദ് പൊലീസിൽ പരാതി നൽകിയത്.

ഫൊറൻസിക് പരിശോധനയിൽ ഇവരുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ അംശം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയിരുന്നു. കൊലപാതകശ്രമത്തിനും വിഷം നൽകിയതിനുമായി 25,000 രൂപ വീതമാണ് കോടതി പിഴ ചുമത്തിയത്.

ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലും ഫസീലയ്‌ക്കെതിരെ ഒറ്റപ്പാലം കോടതിയിൽ വിചാരണ നടക്കുകയാണ്. ക്ലോർപൈറിഫോസ് എന്ന വിഷപദാർത്ഥം അകത്തു ചെന്നാണ് എഴുപത്തിയൊന്നുകാരിയായ നബീസ കൊല്ലപ്പെട്ടത്. 2016ലായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.