തലശേരി- മൈസൂരു പാതയ്ക്ക് പച്ചക്കൊടി

Wednesday 14 July 2021 12:00 AM IST

കണ്ണൂർ: മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി- മൈസൂരു റെയിൽപാതയ്ക്ക് വീണ്ടും ജീവൻ വെക്കുന്നു. ഇന്നലെ റെയിൽവെ മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ പാർലമെന്റ് സമ്മേളനത്തിനു ശേഷം ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചു. കേരള റെയിൽ ഡെവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡ്‌ ചുമതലപ്പെടുത്തിയ സിസ്‌ട്രാ എന്ന സ്ഥാപനമാണ്‌ ഡിറ്റൈയിൽഡ്‌ പ്രൊജക്ട്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ്‌ കേരള റെയിൽ ഡെവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡ്‌. നേരത്തെ ഡി.പി.ആർ തയ്യാറാക്കുന്നതിനായി ഡി.എം.ആർ.സിയെയായിരുന്നു നിശ്ചയിച്ചത്‌. കേരള അതിർത്തിയിൽ പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും കർണാടക തടഞ്ഞതോടെ പ്രവർത്തനം നിലച്ച് ഡി.എം.ആർ.സി പിന്മാറുകയായിരുന്നു.

നിലവിൽ ഷൊർണ്ണൂർ വഴി ട്രെയിൻമാർഗം ബംഗളൂരുവിലേക്ക് 15 മണിക്കൂർ വേണം. പുതിയ പാത വരികയാണെങ്കിൽ നാല് മണിക്കൂർ കൊണ്ട് 207 കിലോ മീറ്റർ ഓടി മൈസൂരിലെത്താം. അവിടെ നിന്ന് മൂന്ന് മണിക്കൂറിൽ ബംഗളൂരിലും.

കബനിക്ക് അടിയിലൂടെ പതിനൊന്നര കി.മി
കർണാടക സർക്കാർ മനസ്സുവെച്ചാൽ തലശേരി- മൈസൂർ റെയിൽപാത യാഥാർത്ഥ്യമാകും. കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദ്ദേശം കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്‍ കർണാടക സർക്കാർ സമർപ്പിച്ചിരുന്നു. 11.5 കിലോമീറ്റർ ദൂരത്തിത്തിലാണ് നദിക്കടിയിലൂടെ പാത പോകേണ്ടത്. 11.5 കിലോമീറ്രർ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

തലശ്ശേരി-മൈസൂർ പാത

ദൂരം- 206 കി.മി

സമയം -4 മണിക്കൂർ
ചിലവ് - 8000 കോടി
കേന്ദ്രസർക്കാർ 51%

സംസ്ഥാനസർക്കാർ 49%

പാത ഇങ്ങനെ

പെരിയപട്ടണ, തിത്തിമത്തി, ബലാൽ, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാൽ, തൊണ്ടർനാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂർ, തലശേരി


മുഖം തിരിച്ച് കർണാടക
അതേസമയം കേരളത്തിൽനിന്നുള്ള വിവിധ റെയിൽ പദ്ധതികളോട് കർണാടക മുഖം തിരിച്ചു നിൽക്കുന്നതിനാൽ മറ്റു വഴികൾ തേടണമെന്ന ആവശ്യവും ശക്തമാകുന്നു. നിലമ്പൂർ–നഞ്ചൻഗുഡിനു പിന്നാലെ തലശ്ശേരി–മൈസൂരു പദ്ധതിക്കും കർണാടകം എതിർപ്പറിയിച്ചിട്ടുണ്ട്. കബനി നദിക്കു കുറുകെ തുരങ്കം നിർമിക്കാമെന്ന നിർദ്ദേശം പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു കർണാടക എതിർക്കുന്നത്.
കർണാടകയിലേക്കുള്ള കേരളത്തിന്റെ പദ്ധതികളോടൊന്നും അവർ താൽപര്യം കാണിക്കുന്നില്ലെന്നതാണു കേരളം നേരിടുന്ന പ്രധാന വെല്ലുവിളി.

Advertisement
Advertisement