തൂണിനോട് ചെയ്യുന്നതെന്തും..

Wednesday 14 July 2021 1:05 AM IST

ഉത്തമമായി. ഉന്നതമായി. പുതിയ നിയമസഭ നിലവിൽ വന്നു. ഈ നിയമസഭ ചെറുപ്പമാണ്. അംഗങ്ങളുടെ ശരാശരി പ്രായം. അതല്ലെ എല്ലാം. പതിനഞ്ചാം നിയമസഭയുടെ യുവത്വം. അതിന്റെ പ്രസരിപ്പ്. നിന്നു വിലസും. പ്രജകൾ കാണാതിരിക്കുന്നതല്ലെയുള്ളൂ.

ഒരു മണ്ഡലം. അതിൽ നിന്നുള്ള ജയം ചില്ലറ കാര്യമല്ല. വാഗ്ദാനങ്ങൾ എത്ര. ആവശ്യങ്ങൾ എത്ര. കടൽത്തിരകളെ ഒതുക്കുക. റോഡുകളെ കുട്ടപ്പനാക്കുക, ഉള്ള കുളം വൃത്തിയാക്കുക. ആശുപത്രിയുടെ നിലവാരം ഉയർത്തുക. സ്കൂൾ കെട്ടിടം പുതുക്കി പണിയുക തുടങ്ങി വിമാനത്താവളവും തുറമുഖവും വരെ. സ്ഥാനാർത്ഥി പറയണം അതിനെക്കുറിച്ചൊക്കെ. വാഗ്ദാനങ്ങളായി. അപ്പോഴൊക്കെ കയ്യടിയുടെ ഇരമ്പൽ. ആവേശം. ഒക്കെ വോട്ടാണെ. സ്ഥാനാർത്ഥിക്കാണേൽ തീരുന്നില്ല മോഹവും വ്യാമോഹവും. ഒക്കുമെങ്കിൽ ജില്ലയിലൊരു മെഡിക്കൽ കോളേജ്. പിന്നെ ഒരു ഓക്സിജൻ പ്ളാന്റും. അതും ഈ മണ്ഡലത്തിൽ. പ്രവർത്തകരുടെ വികാരമാണ്. അവരാണെ പിന്നാലെയുള്ള ലക്ഷം.

വർഷങ്ങൾക്കു മുമ്പ്. ഇന്നതു ചരിത്രത്തിന്റെ ഭാഗമാണ്. പ്രശസ്തനായ ഒരാൾ. പാർലമെന്റിൽ അംഗമായി. മിടുക്കൻ. വിഷയങ്ങൾ നന്നായി പഠിക്കും. ഹോംവർക്ക് ചെയ്തു സഭയിലെത്തും. അക്ഷോഭ്യൻ. ശരങ്ങൾ പോലെ വാക്കുകൾ ലക്ഷ്യസ്ഥാനത്തു തറപ്പിക്കും.സഭ നടക്കുന്ന ഒരു നാൾ. അന്നത്തെ ഒരു മുതിർന്ന മന്ത്രി ആ മെമ്പറെക്കുറിച്ചു പറഞ്ഞു: ''ഹേ, മെമ്പർ, നിങ്ങൾ പ്രധാനമന്ത്രിയുടെ ചെറിയ ഇനം വളർത്തുനായ് അല്ലെ." സഭ ഇളകാനും മറിയാനും മെമ്പർ അനുവദിച്ചില്ല. ആക്രോശിച്ചില്ല. ആരും നടുത്തളത്തിൽ ഇറങ്ങിയില്ല. ചില്ലറ ദിവസങ്ങൾ കഴിഞ്ഞു. ആ മുതിർന്ന മന്ത്രിയ്ക്കെതിരെ ആരോപണം വന്നു. കൈക്കൂലി വാങ്ങിയത്രെ. അതു ചർച്ചയ്ക്കു വരുന്ന ദിവസം. അംഗങ്ങൾ നിരന്നു. മന്ത്രിമാർ എല്ലാം എത്തി. ആ മെമ്പർ അപ്പോൾ എഴുന്നേറ്റു. മുതിർന്ന മന്ത്രിയുടെ അടുത്തേക്കു നടന്നു. മറ്റുള്ളവർ ആകാംക്ഷയോടെ നോക്കിയിരുന്നു. നടന്നുചെല്ലുന്ന മെമ്പർ ചില്ലറക്കാരനല്ല. മന്ത്രിയും ഒന്നു പരുങ്ങി. എങ്കിലും സൂക്ഷിച്ചു. അടുത്തെത്തവെ മന്ത്രിയോട് മെമ്പർ ചോദിച്ചു: ''നിങ്ങൾ എന്നെ പ്രധാനമന്ത്രിയുടെ വളർത്തുനായ് എന്നു വിളിച്ചല്ലെ‌‌‌?" മുതിർന്ന മന്ത്രി ചാടി എഴുന്നേറ്റു. ഉറക്കെ പറഞ്ഞു: '' അതെ വിളിച്ചു... നിങ്ങൾക്കറിയാമോ ഞാൻ ഒരു നെടുംതൂണാണ്. എന്റെ സ്റ്റേറ്റിൽ നിന്നും വരുന്ന നെടുംതൂണ്. മെമ്പർക്കു കലിയില്ല. കലിപ്പില്ല. ഭാവ മറുപടി : ''ഒരു തൂണു കാണുമ്പോൾ നായ് എന്തുചെയ്യുമെന്ന് അറിയാമല്ലോ. ഞാനത് ഇന്നിവിടെ ചെയ്യും."

പറയുന്നതിൽ നിന്ന് മാറുന്ന സ്വഭാവക്കാരനല്ല മെമ്പർ. സഭ സ്തംഭിച്ചിരുന്നു. അപ്പോഴേക്കും സ്പീക്കർ സഭയിലെത്തി.

'ഓർഡർ, ഓർഡർ."

Advertisement
Advertisement