ഹെൽത്ത് പാസ് നിർബന്ധമാക്കി ഫ്രാൻസ്

Wednesday 14 July 2021 1:31 AM IST

പാരിസ് : കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെൽത്ത് പാസോ കൈവശം ഇല്ലാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഫ്രാൻസ്. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്ന് സർക്കാർ അറിയിച്ചു. സെപ്റ്റംബർ 15ന് മുൻപ് വാക്സിൻ സ്വീകരിക്കാത്ത ആരോഗ്യപ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകുമെന്ന ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇതിന് പിന്നാലെ രാജ്യത്തെ വാക്സിനേഷൻ നിരക്ക് കുത്തനെ ഉയരുമെന്നാണ് സൂചന. പിഴ ശിക്ഷയിൽ നിന്നൊഴിവാകാൻ ഫ്രാൻസിൽ വാക്സിനേഷൻ സ്ലോട്ട് ബുക്ക് ചെയ്യാൻ വൻ തിരക്ക്. ഒൻപത് ലക്ഷത്തിൽ അധികം ആളുകളാണ് വാക്സിൻ ലഭിക്കുന്നതിനായി ഇന്നലെ സ്ലോട്ട് ബുക്ക് ചെയ്യാൻ ശ്രമം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും അധികം അപ്പോയിൻമെന്റ്എന്ന മുൻ റെക്കാഡിന്റെ ഇരട്ടിയോളമാണ് ഇന്നലെ മാത്രം വന്ന ബുക്കിംഗ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെസ്‌റ്റോറന്റുകൾ, തീയറ്ററുകൾ തുടങ്ങി രാജ്യത്തെ ജനക്കൂട്ടമുണ്ടാകാൻ സാദ്ധ്യതയുള്ള എല്ലായിടങ്ങളിലും ഹെൽത്ത് പാസ് നിർബന്ധമാക്കാനാണ് സർക്കാരിന്റെ പുതിയ തീരുമാനം.

Advertisement
Advertisement