ക്യൂബയിലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ബൈഡൻ

Wednesday 14 July 2021 4:26 AM IST

വാഷിംഗ്ടൺ : ക്യൂബയിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ക്യൂബൻ ജനതയ്ക്ക് സമാധാനപരമായി പ്രകടനങ്ങൾ നയിക്കുന്നതിനും തങ്ങളുടെ ഭരണാധികാരികൾ ആരാണെന്ന് തീരുമാനിക്കുന്നതിനും അവകാശമുണ്ടെന്ന് ബൈഡൻ പ്രസ്താവനയിൽ ചൂണ്ടികാട്ടി.

കൊവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ക്യൂബൻ ജനത ആഗ്രഹിക്കുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കണം. ജനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്യൂബൻ സർക്കാർ തയാറാകണമെന്നും ബൈഡൻ പറഞ്ഞു.

രാജ്യത്ത് ഭരണവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ക്യൂബയിൽ ആയിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലും കൊവിഡ് പകരുന്നത് തടയുന്നതിനും സർക്കാർ പരാജയമാണെന്ന വാദം ക്യൂബൻ ജനതയ്ക്കിടയിൽ ശക്തമാണ്.

Advertisement
Advertisement