കാലിൽ പരിക്കേറ്റ് കൂട്ടത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട് ആനക്കുട്ടി, തക്ക സമയത്ത് കണ്ടെത്തി ജീവൻ രക്ഷിച്ച് നിരീക്ഷണ സംഘം, യാത്ര ഇപ്പോഴും തുടർന്ന് ചൈനയിലെ കാട്ടാനക്കൂട്ടം

Wednesday 14 July 2021 1:17 PM IST

ബീജിംഗ്: ദേശാടനം നടത്തുന്ന ചൈനയിലെ പതിനാറംഗ ആനക്കൂട്ടത്തിലെ ഒരു ആനക്കുട്ടിക്ക് കാലിന് പരിക്കേറ്റു. മുറിവ് ഗുരുതരമായതോടെ ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം യാത്ര തുടർന്നു.

തെക്കുപടിഞ്ഞാറൻ ചൈനയിൽ ഒരു തേയിലത്തോട്ടത്തിലാണ് കാലിന് പരിക്കേറ്റ ആനക്കുട്ടിയെ നാട്ടുകാർ കണ്ടത്. ചൊവ്വാഴ്‌ചയായിരുന്നു ഇത്. തുടർന്ന് ആനകളുടെ സഞ്ചാരദിശ പരിശോധിക്കുന്ന വിദഗ്ദ്ധ സംഘത്തെ വിവരമറിയിച്ചു. ആനക്കുട്ടിയെ ഇവർ കണ്ടെത്തി മതിയായ ചികിത്സ നൽകി. ഇപ്പോൾ പരിക്ക് ഭേദമായി വരുന്നതായി ഇവ‌ അറിയിച്ചു. മുള‌ളുകൾ കൊണ്ടുണ്ടായ മുറിവ് ക്രമേണ വലുതായി അണുബാധ വന്നതാകാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ആനകളുടെ യാത്രയ്‌ക്കിടയിലാണ് ഈ കുട്ടിയാന ജനിച്ചത്.

വിവരമറിഞ്ഞ് രക്ഷാപ്രവർത്തകരെത്തി കാലിലെ മുറിവ് കഴുകി മരുന്ന് വച്ചു. ശേഷം ഒരു വാനിൽ ആനക്കുട്ടിയെ നൂറ് കിലോമീറ്റർ അകലെയുള‌ള സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. കൂട്ടത്തിൽ നിന്നും വിട്ടുപോയ പത്ത് വയസുള‌ള കൊമ്പനാനയെ രക്ഷിച്ച് മറ്റൊരിടത്തേക്ക് മാറ്റിയത് കഴിഞ്ഞയാഴ്‌ചയാണ്. ലാവോസിനോട് ചേർന്നുള‌ള സിഷുവാങ്‌ബന്ന വന്യജീവി സങ്കേതത്തിൽ നിന്നും അറുനൂറ് കിലോമീറ്ററോളം ദേശാടനം നടത്തി യുനാൻ പ്രവിശ്യയിലാണ് ആനക്കൂട്ടം ഇപ്പോൾ.

ഇത്രയധികം നാളായി തുടരുന്ന ആനകളുടെ ദേശാടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെയായിട്ടും അധികൃതർക്ക് കൃത്യമായി മനസിലായിട്ടില്ല. ആനകളുടെ ദേശാടനം ചൈനയിലെ മൃഗങ്ങളുടെ ദേശാന്തര ഗമനത്തിന് ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ്.

ആനകൾ വരുന്നവഴിയിലെല്ലാം കനത്ത നാശമാണ് ഇതുവരെയുണ്ടാക്കിയത്. ഒരു മില്യൺ അമേരിക്കൻ ഡോളറിന്റെ നാശം ഇവയുണ്ടാക്കി. ആയിരക്കണക്കിന് ജനങ്ങളെ വീടുകളിൽ നിന്നും ഒഴിപ്പിക്കേണ്ടിയും വന്നു.