റദ്ദാക്കിയ ഐ.ടി നിയമ പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്രം

Thursday 15 July 2021 3:15 AM IST

നടപടി സുപ്രീംകോടതി വിമർശനത്തെ തുടർന്ന്

66 എ പ്രകാരം എടുത്ത കേസുകൾ ഉടൻ പിൻവലിക്കണം

ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമെന്നും ചൂണ്ടിക്കാട്ടി 2015ൽ റദ്ദാക്കിയ ഐ. ടി നിയമത്തിലെ വിവാദ വ്യവസ്ഥയായ 66 എ പ്രകാരം എടുത്ത കേസുകൾ ഉടൻ പിൻവലിക്കണമെന്നും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി കു​റ്റകരമായതോ സ്പർദ്ധ ഉളവാക്കുന്നതോ ആയ ഉള്ളടക്കം മനഃപൂർവം സൃഷ്ടിച്ച് കൈമാറുന്നത് തടയാനുള്ളതായിരുന്നു 66 എ. ഈ വ്യവസ്ഥ പ്രകാരം രാജ്യത്ത് ആയിരക്കണക്കിന് കേസുകൾ രജിസ്​റ്റർ ചെയ്തതിലും ഇപ്പോഴും ഈ വകുപ്പ് പ്രയോഗിക്കുന്നതിലും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഞെട്ടലും നിരാശയും രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നിർദ്ദേശം. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകണം.

മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി,

കു​റ്റകരമായതോ സ്പർദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ മനഃപൂർവം സൃഷ്ടിക്കുന്നതും കൈമാ​റ്റം ചെയ്യുന്നതും മൂന്നു വർഷംവരെ തടവും പിഴയും ലഭിക്കുന്ന കു​റ്റമാക്കിയ 66എ വ്യവസ്ഥ 2008ലാണ് ഐ.ടി നിയമത്തിൽ ചേർത്തത്.
ശിവസേന തലവൻ ബാൽതാക്കറെയുടെ നിര്യാണത്തെത്തുടർന്നുള്ള ഹർത്താലിൽ മുംബയിലെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്​റ്റിട്ട ഷഹീൻ ദാദ എന്ന പെൺകുട്ടിക്കും അത് ലൈക്ക് ചെയ്ത കോട്ടയം കുമരകം സ്വദേശി റിനു ശ്രീനിവാസിനുമെതിരെ 66 എ ചുമത്തിയത് ചോദ്യം ചെയ്ത് ശ്രേയാ സിംഗാൾ നൽകിയ ഹർജിയിലാണ് 2015ൽ ജസ്റ്റിസ് രോഹിന്റൺ നരിമാന്റെ ബെഞ്ച് ഈ വകുപ്പ് റദ്ദാക്കിയത്.

Advertisement
Advertisement