എന്തിനാ ഇങ്ങനെ പിടിക്കുന്നത്? തല കറങ്ങി താഴെ വീഴാതിരിക്കാൻ, ആലപ്പുഴയിലെ ഗർഭിണിയുടെ കൊലയാളികളെ കുടുക്കിയത് മഫ്തി പൊലീസുകാരന്റെ ഈ മറുപടി

Thursday 15 July 2021 10:03 AM IST

ആലപ്പുഴ: 'പ്രബീഷേട്ടാ... നമ്മൾ കഴിച്ച ഫുഡിൽ വിഷമുണ്ടായിരുന്നു...'- രജനിയുടെ ആ നിലവിളി പൊലീസിന് പ്രബീഷിനെ കാട്ടിക്കൊടുത്തു. നിമിഷങ്ങൾക്കുള്ളിൽ പൊലീസുകാരന്റെ കരവലയത്തിൽപ്പെട്ട പ്രബീഷിന്റെ ചോദ്യം, എന്തിനാ ഇങ്ങനെ പിടിക്കുന്നത്? തല കറങ്ങി താഴെ വീഴാതിരിക്കാനെന്ന മഫ്‌തി പൊലീസുകാരന്റെ മറുപടി വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കൊലപാതക കേസിന്റെ ചുരുളഴിയുകയായിരുന്നു.

പുന്നപ്ര തെക്ക് തോട്ടുങ്കൽ അനീഷിന്റെ ഭാര്യ അനിതയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ, പൊലീസിന്റെ ചടുലനീക്കങ്ങൾ എത്തിയത് കൈനകരിയിലേക്കായിരുന്നു. അനിതയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുമ്പുണ്ടാക്കിയത്. ഏറ്റവും കൂടുതൽ തവണയും അവസാനവും വിളിച്ചത് മലപ്പുറം സ്വദേശിയായ പ്രബീഷായിരുന്നു. ഓൺലൈൻ വഴി പ്രബീഷ് ബുക്ക് ചെയ്‌ത ഭക്ഷണം എത്തിയത് കൈനകരിയിലെ രജനിയുടെ വീട്ടിലേക്കായിരുന്നു. ടവർ ലൊക്കേഷനും കൃത്യം. ഡെലിവറി ബോയിയെ കണ്ടെത്തിയതോടെ വീട് കൃത്യമായി കാണിച്ചു കൊടുത്തു. വാഹനം റോഡരികിൽ നിറുത്തി ബണ്ടുവഴിയിലൂടെ ഒരു കിലോമീറ്റർ നടന്നാണ് പൊലീസുകാരൻ ഹെൽത്ത് ഇൻസ്‌പെക്‌ടർ ചമഞ്ഞ് വീട്ടിലെത്തിയത്.

മുറ്റത്ത് നിന്ന രജനിയോട് ഓൺലൈനിൽ വാങ്ങിയ ഭക്ഷണം കഴിച്ചിരുന്നുവോയെന്ന് ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ ചോദ്യം. കഴിച്ചുവെന്ന് പറഞ്ഞതിനൊപ്പം എന്താ കുഴപ്പമെന്ന് മറു ചോദ്യം. അതിൽ വിഷാംശമുണ്ടെന്നും അസ്വസ്ഥകളുണ്ടോയെന്നും ഹെൽത്ത് ഇൻസ്‌പെക്‌ടർ ചോദിച്ചു. ഇല്ലെന്നും സാർ ചോദിച്ചപ്പോൾ എന്തോ തോന്നുന്നുണ്ടെന്നും അറിയിച്ചു. ഭർത്താവ് എവിടെന്ന് ചോദിച്ചപ്പോൾ പുറത്തുപോയെന്നായിരുന്നു മറുപടി. ഇതിനിടയിലാണ് കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ആലപ്പുഴയിൽ വിറ്റശേഷം പ്രബീഷ് വീട്ടിലേക്ക് കയറി വന്നത്. ഈ സമയമാണ് പ്രതിയെ തിരിച്ചറിയുന്നത്.

പറ്റിപ്പോയി

പുറത്ത് കാത്തുനിന്ന വാഹനത്തിലേക്ക് കയറ്റുമ്പോൾ എല്ലാം മനസിലായില്ലേയെന്ന പൊലീസുകാരന്റെ ചോദ്യത്തിന് പറ്റിപ്പോയെന്ന് പ്രബീഷ് മറുപടി നൽകി. പൊലീസ് വാഹനം എ.സി റോഡിലൂടെ അമ്പലപ്പുഴ ഡിവൈ.എസ്.പി ഓഫീസിലേക്ക് പായുന്നതിനിടയിൽ പ്രബീഷ് കാര്യങ്ങൾ തുറന്നു പറഞ്ഞു. ' സർ, അനിതയുടെ വായും മൂക്കും പൊത്തിപ്പിടിച്ചത് രജനിയാണ്. കഴുത്ത് മാത്രമാണ് ഞാൻ ഞെരിച്ചത്...' വാഹനം റോഡരികിൽ ഒതുക്കി ഒരു പൊലീസുകാരൻ രജിനിയുടെ വീട്ടിലേക്ക് പാഞ്ഞു. ഈ സമയം കായലിൽ കാലും മുഖവും കഴുകി രജനി വീട്ടിലേക്ക് കയറുകയായിരുന്നു. പ്രബീഷ് എല്ലാം പറഞ്ഞുവെന്ന് പൊലീസുകാരൻ പറഞ്ഞതോടെ രജനി ഒരു കൂസലുമില്ലാതെ വാഹനത്തിലേക്ക്. ഒരു കൊലപാതക കേസിൽ മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനായതിന്റെ പൊൻതൂവലിലാണ് പ്രത്യേക അന്വേഷണസംഘം. തെളിവായ മൊബൈൽ ഫോൺ വിറ്റശേഷം പ്രബീഷും രജനിയും നാടുവിടാനൊരുങ്ങുന്നതിനിടെയാണ് പിടിയിലായത്.

ചുരുക്കം

പ്രതികളായ നിലമ്പൂർ രാമനകത്ത് പൂക്കോടം ഹൗസിൽ പ്രബീഷ് (36), ആലപ്പുഴ കൈനകരി തോട്ടുവത്തല പതിശേരിയിൽ രജനി (38) എന്നിവരെ രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രജനിയുടെ വീട്ടിൽ ആസൂത്രിത കൊലപാതകം നടന്നത്. പ്രബീഷിന്റെ കാമുകിമാരായിരുന്നു അനിതയും രജനിയും. അനിത ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ഗർഭം അലസിപ്പിക്കാനെന്ന പേരിൽ രജനിയുടെ വീട്ടിലേക്ക് പ്രബീഷ് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം പുഴയിൽ തള്ളി.