ഗാന്ധി കുടുംബത്തിന് വേണ്ടപ്പെട്ടയാൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക്? നീണ്ട ഇടവേളയ്ക്ക് ശേഷം ചർച്ചകൾ വീണ്ടും സജീവം
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് അടുത്ത കോൺഗ്രസ് അദ്ധ്യക്ഷനായേക്കുമെന്ന് അഭ്യൂഹം. പാർട്ടിയുടെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അവരുടെ വസതിയിൽ സന്ദർശിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ സജീവമായത്. പാർട്ടിയിലെ മാറ്റങ്ങൾ ചർച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്ത അദ്ധ്യക്ഷനായി പരിഗണിക്കുന്ന മുൻനിര നേതാക്കളിൽ കമൽനാഥും ഉൾപ്പെടുന്നു. പാർലമെന്റിന്റെ മൺസൂൺ സെഷനു ശേഷമാകും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കുകയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. മുൻ കേന്ദ്രമന്ത്രി കൂടിയായ കമൽനാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുളള നേതാവാണ്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള വിവാദങ്ങളും ചർച്ചകളും സജീവമായത്. 2017ൽ സോണിയയിൽ നിന്നും ഈ സ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സ്ഥാനമൊഴിയുകയായിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തെ അനിശ്ചിതത്വം കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതായും പ്രവർത്തകരെ നിരാശപ്പെടുത്തുന്നതായും ചൂണ്ടിക്കാണിച്ച് പാര്‍ട്ടിയിലെ 23 മുതിര്‍ന്ന നേതാക്കള്‍ സോണിയയ്ക്ക് കത്തയച്ചത് വൻ വിവാദമായിരുന്നു.