രാമായണ മാസാചരണത്തിന് നാളെ തുടക്കം : വടക്കുന്നാഥനിൽ ആനയൂട്ടിന് പ്രവേശനം 50 പേർക്ക് മാത്രം

Thursday 15 July 2021 10:41 PM IST

തൃശൂർ : രാമായണ മാസാചരണം നാളെ തുടങ്ങുമ്പോൾ രണ്ടാം വർഷവും കരിനിഴലായി നിൽക്കുകയാണ് കൊവിഡ്. ക്ഷേത്രങ്ങളിൽ രാമായണ മാസാചരണ ഭാഗമായി ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. ട്രിപ്പിൾ ലോക് ഡൗണുള്ള സ്ഥലങ്ങളിൽ ക്ഷേത്ര ദർശനത്തിന് കർശന നിയന്ത്രണമാണുള്ളത്. ഗുരുവായൂരിൽ ഭക്തർക്ക് നിലവിൽ പ്രവേശനം അനുവദിക്കുന്നില്ല. കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇതുവരെയും കാര്യമായ കുറവുണ്ടായിട്ടില്ല. അതുകൊണ്ട് ക്ഷേത്രങ്ങളിൽ കർക്കടക മാസാചരണം ഗണപതി ഹോമം, ഭഗവതി സേവ എന്നിവയിൽ ഒതുങ്ങും.

നാലമ്പല തീർത്ഥാടനം ഇല്ല

നാലമ്പല തീർത്ഥാടനം ഇത്തവണയുമുണ്ടാകില്ല. ഒരു മാസക്കാലം നാലമ്പല ദർശനത്തിന് ലക്ഷക്കണക്കിന് പേരാണെത്താറുള്ളത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് ഏറെ സവിശേഷമാണ്. കൊവിഡിനെ തുടർന്ന് ഒരുക്കങ്ങൾ ഒന്നും തന്നെ ഇല്ല.

അമ്പത് പേർക്ക് പ്രവേശനം

നാളെ വടക്കുന്നാഥൻ ക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ടിൽ അമ്പത് പേർക്ക് പ്രവേശനം അനുവദിച്ച് കളക്ടർ ഉത്തരവിറക്കി. ആദ്യം ഇറക്കിയ ഉത്തരവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ പുതുക്കിയ ഉത്തരവ് പ്രകാരം മാദ്ധ്യമങ്ങൾക്ക് വിലക്കില്ല. 15 ആനകളോടെ ഗജപൂജയും ആനയൂട്ടും നടത്താനാണ് ക്ഷേത്ര ക്ഷേമ സമിതിയുടെ തീരുമാനം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശിവകുമാർ, കുട്ടൻകുളങ്ങര അർജുനൻ, ശങ്കരം കുളങ്ങര മണികണ്ഠൻ, ഊക്കൻ കുഞ്ചു എന്നീ കൊമ്പന്മാരും, വെട്ടത്ത് ഗോപികണ്ണൻ എന്ന കുട്ടി കൊമ്പനും ഗജ പൂജയിൽ പങ്കെടുക്കും.

പുലർച്ചെ അഞ്ചിന് ക്ഷേത്രത്തിനകത്ത് ഗണപതി പ്രതിഷ്ഠയ്ക്ക് മുന്നിലാണ് ഇത്തവണ ഗണപതി ഹോമം നടക്കുക. 108 നാളികേരം കൊണ്ടുള്ള ഗണപതി ഹോമമായിരിക്കും. മുൻകാലങ്ങളിൽ 10,008 നാളികേരം കൊണ്ട് ക്ഷേത്രത്തിന് പുറത്ത് ഹോമകുണ്ഡത്തിലായിരുന്നു ചടങ്ങ്. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കും. എട്ടിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പന്തലിൽ ഗജപൂജ ആരംഭിക്കും. ഒരു തവണ അഞ്ച് ആനകളെ ഇരുത്തി ഗജപൂജ നടക്കും. ഊട്ടിൽ പങ്കെടുക്കുന്ന എല്ലാ ആനകളെയും ഗജപൂജ ചെയ്യും. 9ന് മേൽശാന്തി കൊറ്റമ്പിള്ളി നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകും.

Advertisement
Advertisement