ജി.എസ്.ടി നഷ്‌ടപരിഹാരം : കേരളത്തിന് 4122.27 കോടി

Thursday 15 July 2021 10:50 PM IST

ന്യൂഡൽഹി: ജി.എസ്.ടി നഷ്‌ടപരിഹാരമായി കേരളത്തിന് കേന്ദ്ര സർക്കാർ 4122.27 കോടി രൂപ അനുവദിച്ചു. 2020-21ലെ ജി.എസ്.ടി കുടിശികയായ 4,524 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

ഇതടക്കം 23 സംസ്ഥാനങ്ങൾക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 75,000 കോടി അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

കൊവിഡ് മൂലം ജി.എസ്.ടി സെസ് ഫണ്ടിലുണ്ടായ കുറവ് കണക്കിലെടുത്ത് 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്‌ടപരിഹാരമായി നൽകാൻ മേയിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.

നിർമ്മല സീതാരാമൻ - കെ.എൻ. ബാലഗോപാൽ കൂടിക്കാഴ്ച,

ജി. എസ്. ടി നഷ്‌ടപരിഹാര കാലാവധി നീട്ടിയേക്കും

ന്യൂഡൽഹി:സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്‌ടപരിഹാര കാലയളവ് അഞ്ചു വർഷത്തേക്കു കൂടി നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉറപ്പു നൽകിയതായി സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.

ഇന്നലെ നിർമ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. കേന്ദ്രമന്ത്രി ഓണം കഴിഞ്ഞ് കേരളത്തിൽ എത്തുമ്പോൾ കേരളത്തിന്റെ ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും ബാലഗോപാൽ പറഞ്ഞു

വാർഷിക വായ്പാ പരിധി ജി.ഡി.പിയുടെ അഞ്ച് ശതമാനമായി ഉയർത്തണമെന്നും കൂടിക്കാഴ്ചയിൽ ബാലഗോപാൽ ആവശ്യപ്പെട്ടു. 15-ാം ധനകാര്യ കമ്മിഷൻ കേരളത്തിന്റെ നികുതി വിഹിതം 2.50ശതമാനത്തിൽ നിന്ന് 1.92ശതമാനമായി കുറച്ചത് നീതീകരിക്കാനാവില്ല. സെക്ടർ സ്‌പെസിഫിക് ഗ്രാൻഡായി 2,412 കോടി രൂപയും സ്​റ്റേ​റ്റ് സ്‌പെസിഫിക് ഗ്രാൻഡായി 1,100 കോടി രൂപയും നൽകണം. റബർ മേഖലയെ സഹായിക്കാൻ റബറൈസ്ഡ് റോഡ് നിർമ്മാണം പ്രോത്സാഹിപ്പിക്കൽ, ചെറുകിട വ്യാപാരികളെയും മറ്റും സഹായിക്കാൻ വായ്പകൾക്ക് മോറട്ടോറിയം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനങ്ങളെ സഹായിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മൈക്രോ ഫിനാൻസ് വഴി നൽകുന്ന 1.5 ലക്ഷം രൂപ വരെയുള്ള വായ്പ വനിതാ തൊഴിലാളികൾക്കും കുടുബശ്രീ പ്രവർത്തകർക്കും പ്രയോജനപ്പെടുത്താം. ചെറുകിട വ്യാപാരികൾക്ക് 1.5 ലക്ഷം കോടിയുടെ വായ്പകൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിംഗും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Advertisement
Advertisement