കൊവിഡ് രണ്ടാം തരംഗത്തെ യു.പി നേരിട്ടത് സമാനതകളില്ലാത്ത തരത്തിൽ: മോദി

Friday 16 July 2021 12:37 AM IST

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ ഉത്തർപ്രദേശ്​ സമാനതകളില്ലാത്ത

തരത്തിൽ നേരിട്ടുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരണാസിയിൽ ശിവലിംഗത്തിന്റെ മാതൃകയിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരമുള്ള 'രുദ്രാക്ഷ്" കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ്​ രണ്ടാംതരംഗത്തിൽ യു.പിയിലെ പ്രതിദിന രോഗികളുടെ എണ്ണം 30,000 ആയിരുന്നുവെങ്കിലും കൊവിഡിനെതിരെ നിവർന്നുനിന്ന്​ കാര്യക്ഷമമായി പോരാടി. മഹാമാരിയെ കൈകാര്യം ചെയ്​ത രീതി പ്രശംസനീയമാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരോടും മുൻനിര പ്രവർത്തകരോടും മോദി ആദരവ്​ രേഖപ്പെടുത്തി. കൂടാതെ വാക്സിനേഷന്റെ കാര്യത്തിലും യു.പിയെ പ്രശംസിച്ചു. കണക്കുകൾ പ്രകാരം 3.89കോടി പേർ യു.പിയിൽ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

രുദ്രാക്ഷ കൺവെൻഷൻ സെന്റർ കോൺഫറൻസുകൾ നടത്തുന്നതിനും ടൂറിസത്തിനും അനുയോജ്യമാക്കി വാരണാസിയെ മാറ്റുമെന്ന് മോദി ട്വീറ്റ് ചെയ്തു. ഒപ്പം കെട്ടിടത്തിന്റെ ചിത്രങ്ങളും മോദി ട്വിറ്ററിൽ പങ്കുവച്ചു.

വാരണാസിയിലെ സിഗ്രയിൽ 2.87 ഹെക്ടറിലാണ് രുദ്രാക്ഷ് ഇരുനിലക്കെട്ടിടം സ്ഥിതിചെയ്യുന്നത്. 1,200 പേർക്ക് ഇരിക്കാം. വാരണാസിയുടെ കല, സംസ്‌കാരം, സംഗീതം തുടങ്ങിയവയൊക്കെ വെളിവാക്കുന്ന ചുവർ ചിത്രങ്ങളും ഇതിലുണ്ട്. അന്താരാഷ്ട്ര കോൺഫറൻസുകൾ, പ്രദർശനങ്ങൾ, സംഗീതപരിപാടികൾ തുടങ്ങിയവയ്ക്ക് അനുയോജ്യമാണിത്. 120 കാറുകൾ പാർക്ക് ചെയ്യാം.
200 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണിത്.

Advertisement
Advertisement