എന്ന് ഉയരും ചൂളം വിളി?

Friday 16 July 2021 12:00 AM IST

24 വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി- ശബരി റെയിൽ പാത. പ്ര ഖ്യാപിച്ച് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും സർവേ പോലും പൂർത്തിയായില്ല. ഇക്കാലത്തിനിടെ പദ്ധതി തുക നാലിരട്ടിയായി വർദ്ധിച്ചു. ഓരോ വർഷവും പാർലമെന്റിൽ റെയിൽവേ ബഡ്ജറ്റ് വരുമ്പോൾ മാത്രം ശബരി റെയിൽപാത സ്മരണയിൽ ഉയിർത്തെഴുന്നേൽക്കുന്നതല്ലാതെ ഒരടി പോലും അത് മുന്നോട്ടുപോയില്ല. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാർക്ക് സുഗമമായി എരുമേലി വരെ യാത്രാസൗകര്യം ഒരുക്കാവുന്ന പദ്ധതിയായിട്ടും രണ്ടു പതിറ്റാണ്ടിലധികമായി അവഗണിക്കപ്പെട്ട നിലയിലായിരുന്നു. എന്നാൽ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നുവെന്ന വാർത്ത പ്രതീക്ഷ പകരുന്നതാണ്. മലയോരത്ത് ചൂളം വിളി ഉയരുന്നതിനുള്ള കാത്തിരിപ്പ് ഇനിയും എത്രനാൾ നീളുമെന്നാണ് അറിയേണ്ടത്.

1997- 98ലെ കേന്ദ്ര റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 116 കിലോ മീറ്റർ ദൈർഘ്യമുള്ള അങ്കമാലി ശബരിമല റെയിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടി രൂപയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. പെരിയാർ ടൈഗർ റിസർവിലൂടെ കടന്നുപോകേണ്ടതിനാൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അഞ്ച് കിലോമീറ്റർ കുറച്ച് പാത എരുമേലി വരെയാക്കി. 2002ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിന്റെ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയായി. സ്ഥലമേറ്റെടുപ്പിനെതിരെ ചിലർ കോടതിയെ സമീപിച്ചതും സംസ്ഥാന സർക്കാരിന്റെ നിസഹകരണവും കാരണമാണ് പദ്ധതി പിന്നീട് മുന്നോട്ടു പോകാതിരുന്നത്. ഇതോടെ പദ്ധതി തുക 550 കോടിയിൽ നിന്ന് 2017 ആയപ്പോഴേക്കും 2815 കോടി രൂപയായി ഉയർന്നു. ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ച് നിന്നു. എന്നാൽ 2015ൽ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പദ്ധതിയായ പ്രഗതിയിൽ ശബരിപാതയും ഉൾപ്പെടുത്തി. പിന്നീട് സാമ്പത്തിക പ്രതിസന്ധിയാണെന്നും അമ്പത് ശതമാനം ഏറ്റെടുക്കാനാകില്ലെന്നും പറഞ്ഞ് വീണ്ടും കേരളം കേന്ദ്രത്തിന് കത്ത് നൽകി. ഇതോടെ കേന്ദ്രം പദ്ധതിക്കായി ബഡ്ജറ്റിൽ അനുവദിച്ച തുകയൊന്നും നൽകിയില്ല. ഒരു വർഷം മുമ്പ് സതേൺ റെയിൽവേ പുരോഗതിയില്ലാത്ത പത്ത് പ്രോജക്ടുകൾ നിറുത്താൻ തീരുമാനിച്ചിരുന്നു. അതിൽ ശബരി റെയിൽ പദ്ധതിയുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ കേരളം തയ്യാറാകാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ജനുവരിയിൽ അയച്ച കത്തിൽ അന്നത്തെ കേന്ദ്രറെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയത്. തുടർന്ന് പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ പദ്ധതി വീണ്ടും ട്രാക്കിലായി. പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം മുന്നോട്ടു പോവുകയാണെന്ന് കഴിഞ്ഞ ദിവസം ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ കേന്ദ്രമന്ത്രി അറിയിച്ചു. സംസ്ഥാന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാന റെയിൽവേ വികസന കോർപ്പറേഷൻ പദ്ധതിയുടെ റിവേഴ്‌സ് എസ്റ്റിമേറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. രാമപുരം മുതൽ എരുമേലി വരെയുള്ള 41 കിലോമീറ്റർ ദൂരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ലിഡാർ സർവേ ഇനി പൂർത്തിയാക്കണം. മഴ മാറിയാലുടൻ ഏരിയൽ സർവേ ആരംഭിക്കും. ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്കമാലി മുതൽ എരുമേലി വരെയുള്ള 70 കിലോമീറ്റർ മാത്രം പൂർത്തിയാക്കാൻ 2825 കോടി രൂപ ചെലവ് വരും. പാതയുടെ പണി വീണ്ടും ഏറ്റെടുത്തുകഴിഞ്ഞാൽ അഞ്ചുവർഷത്തിനകം പൂർത്തിയാക്കാനാവുമെന്നാണു കരുതുന്നത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ വിജയം.
കഴിഞ്ഞ 24 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴര കിലോമീറ്റർ മാത്രമാണ് നിർമ്മാണം പൂർത്തിയായത്.

വികസനം ട്രാക്കിലാകും
പദ്ധതി യാഥാർത്ഥ്യമായാൽ മദ്ധ്യകേരളത്തിൽ സമഗ്ര വികസനത്തിന് വഴിവയ്ക്കും. മൂന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന ശബരിപാത ഈ പ്രദേശങ്ങളെ പുതിയൊരു വികസന ഭൂപടത്തിന്റെ ഭാഗമാക്കുകയും ചെയ്യും. മലയാളികളെക്കാൾ 55 ശതമാനം അധികം ശബരിമല ഭക്തർ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നുണ്ടെന്നാണ് കണക്ക്. സീസണിൽ റെയിൽവേ മൂന്നൂറോളം തീവണ്ടികൾ അധികമോടിക്കുന്നുണ്ട്. ശബരി പാത വരുന്നതോടെ റെയിൽവേയ്ക്കും വലിയൊരു ആശ്വാസമാകും. എരുമേലിയിൽ നിന്ന് ഭാവിയിൽ പുനലൂരിലേക്കും അവിടെ നിന്ന് തമിഴ്‌നാട്ടിലേക്കും പാത നീട്ടാനും കഴിയും.

Advertisement
Advertisement