പ്ലസ് വൺ സീറ്റുകൾ : എണ്ണം കൂട്ടേണ്ടി വരില്ല

Friday 16 July 2021 12:04 AM IST

ആലപ്പുഴ : പ്ലസ് വൺ സീറ്റുകളുടെ എണ്ണം ഇപ്രാവശ്യം വർദ്ധിപ്പിക്കേണ്ടി വരില്ലെന്ന് വിലയിരുത്തൽ.

എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ വർഷത്തെക്കാൾ 2551 കുട്ടികൾ മാത്രമാണ് സംസ്ഥാനത്ത് അധികമായി വിജയിച്ചത്. ഒരു ജില്ലയിലെ വർദ്ധന 182 പേരുടേത് മാത്രമാണ്. വർഷാവർഷം ഒഴിഞ്ഞ് കിടക്കുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹർസെക്കൻഡറി സീറ്റുകൾ പരിഗണിക്കുമ്പോൾ സീറ്റ് വർദ്ധിപ്പിക്കേണ്ടി വരില്ലെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്. ഓരോ ജില്ലയിലും കഴിഞ്ഞ വർഷം ഒഴിവുണ്ടായിരുന്ന സീറ്റുകൾ പരിഗണിക്കുമ്പോൾ എല്ലാ കുട്ടികൾക്കും അഡ്മിഷൻ കിട്ടുന്നത് വലിയ പ്രശ്നമാവില്ല. 2020ൽ 422092 കുട്ടികൾ പരീക്ഷ എഴുതിയതിൽ 417101 (98.82%) പേർ വിജയിച്ചപ്പോൾ ഈ വർഷം പരീക്ഷയെഴുതിയ 422226 പേരിൽ 419651 ( 99.47%) കുട്ടികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

മറ്റ് സിലബസുകാർ എങ്ങോട്ട്?

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തലങ്ങളിൽ പൊതു പരീക്ഷയില്ലാതിരുന്നതിനാൽ ഈ സിലബസുകളിലെ കുട്ടികൾക്ക് ഹയർ സെക്കൻഡറിയിൽ അഡ്മിഷൻ കിട്ടിയേക്കില്ല എന്ന ധാരണ വ്യാപകമാണ്. അവർ അവരുടേതായ സ്ട്രീമിൽ തന്നെ തുടർപഠനത്തിന് അഡ്മിഷൻ നേടാനുള്ള സാധ്യത കൂടി പരിഗണിക്കുമ്പോൾ ഹയർ സെക്കൻഡറിയിലേക്ക് ഈ വർഷം എത്തിച്ചേർന്നേക്കാവുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായേക്കും. മുൻ വർഷങ്ങളിൽ 37000 സി.ബി.എസ്.ഇ വിദ്യാർത്ഥികളും 3300 ഐ.സി.എസ്.ഇ വിദ്യാർത്ഥികളും പ്ലസ് വണ്ണിൽ കേരള സിലബസിലേക്ക് വന്നിരുന്നു.

കൈനിറയെ എ പ്ലസ്

എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം സംസ്ഥാനതലത്തിൽ മൂന്നിരട്ടിയാണ് വർദ്ധിച്ചത്.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും ഇഷ്ടപ്പെട്ട സ്കൂളോ വിഷയ കോമ്പിനേഷനോ കിട്ടിയേക്കില്ലെന്നതാണ് ഇത്തവണ കുട്ടികൾ നേരിടാൻ പോകുന്ന പ്രതിസന്ധി.

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ: 398585

3724 സയൻസ് ബാച്ചുകൾ x 55 വിദ്യാർത്ഥികൾ = 204820
1402 ഹ്യൂമാനിറ്റീസ് ബാച്ച് x 55 വിദ്യാർത്ഥികൾ = 77110
2121 കൊമേഴ്സ് ബാച്ച് x 55 വിദ്യാർത്ഥികൾ= 116655

വി.എച്ച്.എസ്.ഇ - 27500
ഐ.ടി.സി & ഐ.ടി.ഐ - 27000
പോളിടെക്നിക്ക് - 2 2000

''ഹയർ സെക്കൻഡറി സീറ്റുകൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കാതിരിക്കാൻ ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം വർഷാവർഷമുള്ള മാർജിനൽ വർദ്ധന ഒഴിവാക്കി 50 ആയി തന്നെ നിജപ്പെടുത്തണം. റിസൾട്ട് ശതമാനം വർദ്ധിച്ചുവെന്ന് പെരുപ്പിച്ച് കാട്ടി സീറ്റ് വർദ്ധനയ്ക്കും പുതിയ ബാച്ച് അനുവദിക്കാനും തുനിയരുത്

എസ്.മനോജ് , ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ

Advertisement
Advertisement