കൊടകര കേസിൽ ഒത്തുതീർപ്പ് ആരോപണം; മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിൽ നടന്നതെന്ത്? കസ്റ്റംസ് കമ്മിഷണറെ മാറ്റിയതെന്തിന്? സജീവ ചർച്ചയാക്കാൻ പ്രതിപക്ഷം

Friday 16 July 2021 10:51 AM IST

​തിരുവനന്തപുരം: കൊടകര കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കളെ പ്രതികളാക്കില്ലയെന്ന അന്വേഷണ സംഘത്തിന്‍റെ തീരുമാനത്തിന് പിന്നാലെ വിഷയം സജീവ ചർച്ചയാക്കാൻ ഒരുങ്ങി കോൺഗ്രസ് നേതൃത്വം. വാർത്ത പുറത്തുവന്നയുടൻ കോൺഗ്രസ് നേതാക്കൾ തമ്മിൽ ഫോണിലൂടെ അനൗദ്യോഗിക ചർച്ചകൾ നടത്തി. ലാ‌വ്‌ലിൻ കേസിലടക്കം പ്രതിപക്ഷം സ്ഥിരമായി ഉന്നയിക്കുന്ന എൽ ഡി എഫ്- എൻ ഡി എ ഒത്തുതീർപ്പ് ഫോർമുല ശരിവയ്‌ക്കുന്നതാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

ബി ജെ പി നേതാക്കൾക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിന് പിന്നിൽ രാഷ്‌ട്രീയ ഇടപടെലുണ്ടെന്ന് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന തരത്തിൽ വാർത്താസമ്മേളനങ്ങൾ നടത്താനാണ് നേതൃത്വം പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. ടെലിവിഷൻ ചർച്ചകൾക്ക് പോകുന്ന വക്താക്കൾ ഇക്കാര്യം സജീവമായി നിലനിർത്താൻ ശ്രമിക്കണമെന്നും പാർട്ടി നിർദേശമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിന് പിന്നാലെയുണ്ടായ നീക്കം ഗൗരവത്തോടെയാണ് കോൺഗ്രസ് നേതാക്കൾ നോക്കികാണുന്നത്. കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിനെ ഇന്നലെ സ്ഥലംമാറ്റിയതും കൊടകര കേസും തമ്മിൽ കൂട്ടിവായിക്കപ്പെടേണ്ടതാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മഹാരാഷ്ട്രയിൽ ജി.എസ്.ടി കമ്മിഷണറായാണ് സുമിത് കുമാറിനെ സ്ഥലംമാറ്റിയത്.

സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിൽ സംസ്ഥാന സർക്കാരും സുമിത് കുമാറും പലതവണ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും, കഴിഞ്ഞ സർക്കാരിലെ സ്‌പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ എൽ.ഡി.എഫ് പരസ്യ പ്രതിഷേധം ഉയർത്തുകയും ചെയ്‌തിരുന്നു. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്‍റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്നു പരിശോധിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ- എൽ.ഡി.എഫ് ധാരണയുണ്ടായിരുന്നുവെന്ന യു.ഡി.എഫ് ആരോപണത്തിന് മൂർച്ഛ കൂട്ടുന്നതാണ് കൊടകര കേസിൽ അന്വേഷണസംഘത്തിന്‍റെ തീരുമാനം. വാർത്ത പുറത്തുവന്നയുടൻ ഇക്കാര്യം ഉന്നയിച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത് ഇതിന്‍റെ സൂചനയാണ്.69 മണ്ഡലങ്ങളിൽ എൻ ഡി എ, എൽ ഡി എഫിനായി വോട്ട് മറിച്ചെന്നാണ് അദ്ദേഹം പറയുന്നത്.

കേസിലെ രാഷ്ട്രീയമാനം പൂർണമായും പൊലീസ് അവസാനിപ്പിക്കുന്നു എന്ന് വേണം കണക്കാക്കേണ്ടത്. ബി ജെ പിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണസംഘം പറഞ്ഞിരുന്നത്. ഇക്കാര്യം ഇരിങ്ങാലക്കുട കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കേസിൽ യുടേൺ അടിച്ച് ഇതൊരു കവർച്ചാക്കേസായി മാത്രം അവസാനിപ്പിക്കവേ, സംസ്ഥാനസർക്കാർ കേസ് വെളുപ്പിച്ച് ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന്‍റെ രാഷ്ട്രീയമാനങ്ങൾ അതുകൊണ്ട് തന്നെ വലുതാകുകയും ചെയ്യും.

കുറ്റപത്രത്തിൽ പറയുന്നത് പോലെ, കേസ് ഇ ഡി ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്. നേരത്തേ, കേസിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിന്‍റെ സാദ്ധ്യതകൾ ചൂണ്ടിക്കാട്ടി ആഴ്‌ചകൾക്കു മുമ്പേ തന്നെ സംസ്ഥാന പൊലീസ് കത്തു നൽകിയിരുന്നതാണ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ അടക്കമുളളവർക്കെതിരെ ആരോപണം ഉയർന്നതോടെയാണ് എൻഫോഴ്സ്മെന്‍റ് പിൻവലിഞ്ഞത്.

കളളപ്പണ ഇടപാട് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സലീം മടവൂർ നൽകിയ ഹ‍ർജിയിലാണ് ഇ ഡിയുടെ ഒളിച്ചുകളി പുറത്തുവന്നത്. പത്തുദിവസത്തിനുളളിൽ മറുപടി വേണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാൽ എൻഫോഴ്സ്മെന്‍റ് മറുപടി നൽകിയില്ല. കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും രണ്ടാഴ്‌ചത്തെ സമയം കൂടി വേണമെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി സമയം നീട്ടി നൽകി. കേസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ മടിച്ചു നിൽക്കുന്നതിനെതിരെ നേരത്തെ തന്നെ വിമ‍ർശനം ഉയ‍ർന്നതാണ്. ഇനി കുറ്റപത്രത്തിൽ കൂടി ഇക്കാര്യം ആവശ്യപ്പെടുമ്പോൾ ഇ ഡി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാണ്.