എത്ര പേർ മരിച്ചുവെന്നുപോലും അറിയാതെ പകച്ച് ഭരണകൂടം, കൊവിഡിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നാശം വിതച്ച് പ്രളയം

Friday 16 July 2021 2:09 PM IST

ബെർളിൻ: പടിഞ്ഞാറൻ ജർമനിയിലും ബെൽജിയത്തിലും കനത്ത നാശം വിതച്ച് പ്രളയം. ഇതിനോടകം 92ലേറെ പേർ മരണമടഞ്ഞതായി കണക്കാക്കുന്നുണ്ടെങ്കിലും യഥാ‌ർത്ഥ കണക്കുകൾ അതിലും മുകളിലാകാനാണ് സാദ്ധ്യത. തെരുവുകളിലൂടെയുള്ള ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ പെട്ട് കാറുകളും ബസുകളും ഒന്നിനു മുകളിൽ ഒന്നായി കിടക്കുന്ന കാഴ്ചകൾ ജ‌ർമനിയിൽ ഇപ്പോൾ പതിവാണ്. വെള്ളപ്പൊക്കത്തിൽ പടിഞ്ഞാറൻ ജർമനിയിൽ മാത്രം ചുരുങ്ങിയത് 50 പേരെങ്കിലും മരണമടഞ്ഞതായി അധികൃതർ വ്യക്തമാക്കി.

അമേരിക്കയിൽ സന്ദർശനത്തിലായിരിക്കുന്ന ജർമൻ ചാൻസലർ ആഞ്ചെല മെർക്കൽ പ്രളയ ദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. “ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്ത് ദു:ഖിക്കുന്നു. ഞങ്ങൾക്ക് ഇപ്പോഴും വ്യക്തമായ കണക്കുകൾ ലഭ്യമല്ല. വളരെ കൂടുതൽ ആളുകൾ ഇതിനോടകം തന്നെ മരണമടഞ്ഞതായി കരുതുന്നു” മെർക്കൽ വാഷിംഗ്ടണിൽ വച്ച് പറഞ്ഞു. ഇത്തരമൊരു ദുരന്തം ആരും മുൻകൂട്ടി കണ്ടിരുന്നില്ലെന്നും അതിനാൽ തന്നെ വേണ്ട മുൻകരുതൽ എടുക്കാൻ സാധിച്ചിരുന്നില്ലെന്നും മെർക്കൽ കൂട്ടിച്ചേർത്തു.

നിരവധി വീടുകൾ തകരുകയും മരണങ്ങൾ നടക്കുകയും ചെയ്ത ഷൂൾസി പ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിട്ടുള്ളത്. കുന്നുകളുടെയും ചെറിയ താഴ്‌വരകളുടെയും അഗ്നിപർവ്വതങ്ങളുടെയും പ്രദേശമായ ഈഫലിൽ ഉടനീളം ഗതാഗത സൗകര്യങ്ങൾ നശിച്ചിട്ടുണ്ട്. ഫോൺ, ഇന്റർനെറ്റ് തകരാറുകളും ഇവിടത്തെ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. പഴയ രീതിയിൽ ഇഷ്ടികയും തടിയും വച്ച് ഉണ്ടാക്കിയതാണ് ഇവിടുത്തെ ഭൂരിഭാഗം വീടുകളും. അവയെല്ലാം ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ പൂർണമായി തകർന്നു.

Advertisement
Advertisement