ബിനീഷ് കോടിയേരി ഉൾപ്പെട്ട കള‌ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ വിദേശികളുൾപ്പെട്ട റാക്കറ്റിന് പങ്ക്; കർണാടക കോടതിയിൽ വെളിപ്പെടുത്തലുമായി ഇഡി

Friday 16 July 2021 5:08 PM IST

ബംഗളൂരു: കള‌ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ എൻഫോഴ്‌സ്മെന്റിന്റെ മറുപടി വാദം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ വിദേശികളടങ്ങുന്ന വലിയ റാക്കറ്റിന് പങ്കുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. മയക്കുമരുന്ന് കേസിനെ മാത്രം ആസ്‌പദമാക്കിയല്ല തങ്ങൾ കേസെടുത്തതെന്നും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും പൊലീസുമെടുത്ത പതിനാലോളം കേസുകളും തങ്ങളുടെ കേസിന് ആസ്‌പദമായതായി ഇഡി കോടതിയെ അറിയിച്ചു.

ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡുപയോഗിച്ച് ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ കാലാവധി കഴിഞ്ഞെന്ന വാദം തെറ്റാണെന്നും ഇഡി പറഞ്ഞു.

മയക്കുമരുന്ന് കേസിൽ പ്രതിചേർക്കാത്തതിനാൽ തനിക്കെതിരെയുള‌ള കേസ് നിലനിൽക്കില്ലെന്നും കേരളത്തിലും ദുബായിലും ബിനീഷിനെതിരെ കേസുണ്ടെന്ന് ആദ്യം കോടതിയിൽ പറഞ്ഞ അന്വേഷണ സംഘം പിന്നീട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും കഴിഞ്ഞദിവസം ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ഒൻപത് മാസത്തോളമായി കർണാടകയിൽ തടവിലുള‌ള ബിനീഷിന്റെ ജാമ്യഹർജി ഇന്ന് പതിനഞ്ചാം തവണയാണ് പരിഗണിക്കുന്നത്.