പദവി മോഹിച്ച് ആരും വരേണ്ടെന്ന് ജോസ് വിഭാഗം, ജംബോ കമ്മിറ്റികൾ വെട്ടി നിരത്തുന്നു

Saturday 17 July 2021 12:00 AM IST

കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലൂടെ ഇടതു മുന്നണിയിലേയ്ക്ക് ചുളുവിൽ ചേക്കേറാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടി. മറ്റു പാർട്ടികളിൽ നിന്നെത്തുന്ന ഭാരവാഹികൾക്ക് പദവികൾ നൽകേണ്ടെന്ന തീരുമാനത്തിലാണ് ജോസ് വിഭാഗം. ജംബോ കമ്മിറ്റിയുടെ പേരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നേതാക്കൾ ചേരിപ്പോരു തുടരുമ്പോൾ ജംബോ കമ്മിറ്റി വെട്ടി നിരത്തി അടിമുടി കേഡർ സ്വഭാവത്തിലേക്ക് ജോസ് വിഭാഗമെത്തുന്നു . ജോസഫ് വിഭാഗത്തിൽ ഇടഞ്ഞു നിൽക്കുന്ന ചിലർ ലയന ചർച്ചയ്ക്കെത്തിയപ്പോഴാണ് പാർട്ടിയിലേക്ക് സ്വാഗതം, എന്നാൽ ഭാരവാഹിത്വമില്ലെന്ന ഹൈപവർ കമ്മിറ്റി തീരുമാനം അറിയിച്ചത്.

ജോസഫ് വിഭാഗത്തിൽ 200 ലേറെ പേർ ഉന്നതാധികാര സമിതി അംഗങ്ങളായുള്ളപ്പോൾ ജോസ് വിഭാഗത്തിൽ ഉന്നതാധികാരസമിതി ഒഴിവാക്കും. സ്റ്റിയറിംഗ് കമ്മിറ്റിയുടെ അംഗബലം 30 ലേക്ക് ചുരുക്കാനാണ് ആലോചന. ജോസഫുമായി പിരിയും മുമ്പ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ 111 അംഗങ്ങളുണ്ടായിരുന്നു . നിലവിൽ 62 പേരുണ്ട്. മണ്ഡലം തല കമ്മിറ്റിയംഗങ്ങളുടെ എണ്ണവും കുറയ്ക്കും

 പാർട്ടി ഉന്നതാധികാരസമിതി ഒഴിവാക്കാനാണ് നീക്കം. പകരം സ്റ്റിയറിംഗ് കമ്മിറ്റിക്കാവും പരമാധികാരം .

 പഞ്ചായത്തംഗം മുതൽ പാർലമെന്റംഗം വരെയുള്ളവരും വിവിധ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ വഹിക്കുന്നവരും ഒരു മാസത്തെ ശമ്പളം ലെവി നൽകണം.

 സംഘടനാ സംവിധാനം മെച്ചപ്പെടുത്തി കൂടുതൽ അച്ചടക്കമുള്ള കേഡർ തലത്തിലേക്ക് പാർട്ടിയെ ഉയർത്താനാണ് നീക്കം .

ഓൺലൈനിലൂടെയും അല്ലാതെയും മെമ്പർഷിപ്പ് കാമ്പയിൻ നടത്തും. മൊബൈൽ നമ്പറിനു പുറമേ അംഗത്വത്തിന് ആധാർ കാർഡ് നമ്പറും ആവശ്യപ്പെടും.

സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിൽ പാർട്ടി പുനസംഘടനാ ചർച്ചകൾ നടന്നിരുന്നു. സംഘടനാ പരിഷ്കരണത്തിന് സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. സമിതി നിർദ്ദേശം സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്താകും അന്തിമ തീരുമാനം. നേതാക്കളുടെ എണ്ണമല്ല, പ്രവർത്തനമാകും ഇനി വിലയിരുത്തുക.

- ജോസ് കെ മാണി, ചെയർമാൻ

സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഇനി 30 പേർ

നേരത്തെ ഉണ്ടായിരുന്നവർ 111പേർ

Advertisement
Advertisement