ജാമ്യ ഉത്തരവുകൾ : ജയിലുകളിൽ ഇലക്ട്രോണിക് സംവിധാനം വേണം

Saturday 17 July 2021 12:39 AM IST

 ഒരു മാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തപാൽ വഴി താമസിച്ചെത്തുന്ന ജാമ്യ ഉത്തരവുകൾക്കായി രാജ്യത്തെ ജയിലുകളിൽ ഒരു മാസത്തിനുള്ളിൽ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ , ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, എ.എസ് ബൊപ്പെണ്ണ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.

സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്തിൽ മോചനം വൈകിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി ഇടപെടൽ. ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിർദേശം നൽകി. ജയിലുകളിൽ മതിയായ ഇന്റർനെറ്റ് സൗകര്യമുണ്ടോ എന്നത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും വിവരം നൽകണമെന്നും നിർദ്ദേശിച്ചു. സുപ്രീംകോടതിയുടെ നടപടി ഏറെ പുരോഗമനപരമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു.

ജയിലുകളിൽ ഇന്റർനെറ്റ്

സേവനം ഉറപ്പാക്കണം.

വിവര സാങ്കേതിക വിദ്യയുടെ ഈ യുഗത്തിലും കടലാസിനായി കാത്തിരിക്കുന്ന ജയിൽ അധികൃതരുടെ അനാസ്ഥയെ കോടതി കുറ്റപ്പെടുത്തി. ആകാശത്തിലൂടെ പ്രാവുകൾ വശം ഉത്തരവുകൾ വരുന്നതും കാത്തിരിപ്പാണ്. തടവുകാരുടെ ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാൻ ഇലക്ട്രോണിക് ട്രാൻസ്മിറ്റ് വഴി ജാമ്യ ഉത്തരവുകൾ നൽകണം. ഉത്തരവിറങ്ങിയ ഉടൻ ജയിൽ അധികൃതർക്ക് ലഭിക്കാൻ ജയിലുകളിൽ ഇന്റർനെറ്റ് സേവനം ഉറപ്പാണം. . കോടതി ജാമ്യം നൽകിയാലും തപാൽ വഴി ഉത്തരവിന്റെ പകർപ്പ് കിട്ടിയാലേ ആളെ പുറത്ത് വിടൂ എന്ന ജയിൽ ഉദ്യോഗസ്ഥരുടെ നിർബന്ധത്തെയും ചീഫ് ജസ്റ്റീസ് വിമർശിച്ചു.

പരോളിൽ ഇറങ്ങിയവർ

ഉടൻ മടങ്ങേണ്ട

കൊവിഡ് സാഹചര്യത്തിൽ പരോൾ കിട്ടിയവർ ഇനിയൊരു അറിയിപ്പുണ്ടാകും വരെ ജയിലിലേക്ക് മടങ്ങേണ്ടെന്ന് കോടതി നിർദ്ദേശിച്ചു. ജയിലിൽ കൊവിഡ് നിയന്ത്രിക്കാൻ സംസ്ഥാന ഉന്നതാധികാര സമിതികൾ പുറപ്പെടുവിച്ച മേയ് ഏഴിലെ ഉത്തരവനുസരിച്ച് പരോൾ നേടിയവരോട് ,ഉടൻ ജയിലിൽ തിരിച്ചെത്താൻ ആവശ്യപ്പെടരുത്. തടവുകാർക്ക് പരോൾ അനുവദിച്ചതിന്റെ വിശദാംശങ്ങൾ അഞ്ച് ദിവസത്തിനുള്ളിൽ അറിയിക്കാൻ സംസ്ഥാന സർക്കാരുകളോട് കോടതി നിർദേശിച്ചു.

Advertisement
Advertisement