കൊടകര കുഴൽപ്പണ കേസ്; ബി.ജെ.പി നേതാക്കൾക്കെതിരെ തെളിവില്ല
തൃശൂർ: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളെ പ്രതിയാക്കാൻ ആവശ്യമായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, ഏതാനും നേതാക്കളെ കൂടി ചോദ്യം ചെയ്യാനുള്ള നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്. അതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്നേക്കും. അടുത്ത ആഴ്ച അവസാനത്തോടെ സമർപ്പിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്‌കരമാണെന്നാണ് അന്വേഷണസംഘം പറയുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് മൊഴികൾ ബി.ജെ.പി നേതാക്കളിൽ നിന്ന് ലഭിച്ചിട്ടില്ല. ആ നിലയ്ക്ക് ബി.ജെ.പി നേതാക്കളെ പ്രതിചേർത്താൽ നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ടാണ് നേതാക്കളെ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.
കേസിൽ ആകെ 22 പ്രതികളാണുള്ളത്. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യവും ആലോചിക്കുന്നുണ്ട്. കുറ്റപത്രത്തിൽ ബി.ജെ.പി നേതാക്കളുടെ മൊഴികൾ രേഖപ്പെടുത്തും. കവർന്ന പണത്തിൽ ഏറിയ പങ്കും കണ്ടെത്താനാകാത്തതിനാലും രേഖകൾ സമർപ്പിക്കാത്തതിനാലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയിൽ ആവശ്യപ്പെടുക. ഇ.ഡി അന്വേഷിക്കേണ്ട വകുപ്പാണിത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതിയെങ്കിലും കണ്ടെടുത്തത് ഒന്നരക്കോടിയോളം രൂപയാണ്.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ്, മേഖലാ ജനറൽ സെക്രട്ടറി വി. കാശിനാഥൻ, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, ജനറൽ സെക്രട്ടറിമാരായ കെ.എസ്. ഹരി, ഉല്ലാസ് ബാബു ഉൾപ്പെടെയുള്ള 19 ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.