സിബിമാത്യൂസ് ഹാജരാക്കിയ രേഖകൾ ആധികാരികമല്ല: സി.ബി.ഐ

Saturday 17 July 2021 12:00 AM IST

തിരുവനന്തപുരം: ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയ രേഖകൾ നിയമാനുസൃതം ലഭ്യമായവയല്ലെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സി.ബി.ഐ ബോധിപ്പിച്ചു. ഇവയുടെ വിശ്വാസ്യതയിലും ആധികാരികതയിലും സംശയമുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി ഒരു ബന്ധവുമില്ലാത്തതും അപ്രസക്തവുമായ ഇവ പരിഗണനയ്ക്കെടുക്കരുതെന്നും സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് സി.ബി.ഐ വാദിച്ചു.

ഗൂഢാലോചനയെ സംബന്ധിച്ച് തെളിവുകൾ ലഭ്യമായിട്ടില്ലെങ്കിലും പ്രതി ചേർക്കപ്പെട്ടവരുടെ കാര്യങ്ങൾ പരിശോധിച്ചാൽ അത് സംശയിക്കാവുന്നതാണ്. നമ്പി നാരായണൻ പൊലീസ് കസ്റ്റഡിയിൽ പീഡനത്തിന് ഇരയായിട്ടുണ്ട്. വളരെ പ്രാകൃതമായ രീതിയിലുളള പീഡനമായിരുന്നു പ്രതികളാക്കപ്പെട്ടവർക്ക് നേരിടേണ്ടി വന്നത്. നമ്പി നാരായണൻ പൊലീസ് കസ്റ്റഡിയിൽ വെെദ്യ സഹായം തേടിയിരുന്നത് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ജയിൻ കമ്മിഷൻ റിപ്പോർട്ടിലും പരാമർശിച്ചിട്ടുണ്ട്. ചാരക്കേസിന്റെ ഭാഗമായി നിരവധി വ്യാജ രേഖകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്ന് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്ന് സി.ബി.ഐ സംഘം പറഞ്ഞു.

 അറസ്റ്റ് ഇപ്പോൾ പറയാനാകില്ല

കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബി മാത്യൂസിനെ അറസ്റ്റ് ചെയ്യേണ്ടി വരുമോ എന്നകാര്യം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. കോടതി നിർദ്ദേശപ്രകാരം കേസ് ഡയറികളും ജെയിൻ കമ്മിഷൻ റിപ്പോർട്ടും മുദ്രവച്ച കവറിൽ സി.ബി.എെ സംഘം കോടതിയിൽ സമർപ്പിച്ചു. തുടർച്ചയായി അവധി ദിനങ്ങൾ വരുന്നതിനാൽ ഇവ പരിശോധിക്കാൻ കോടതിക്ക് കഴിയാത്ത സാഹചര്യത്തിൽ സി.ബി.ഐ സംഘം രേഖകൾ മടക്കി കൊണ്ടു പോയി. വ്യാഴാഴ്ച വീണ്ടും ഹാജരാക്കും. ഈ മാസം 26 ന് കൂടുതൽ വാദം കേൾക്കും.