തണ്ണീർത്തടം നികത്തൽ: ഇളവ് 25 സെന്റിൽ താഴെ മാത്രം

Saturday 17 July 2021 12:06 AM IST

തിരുവനന്തപുരം: തണ്ണീർത്തടം നികത്തിയത് ഫീസില്ലാതെ ക്രമവത്കരിക്കുന്നത് 25 സെന്റിൽ താഴെയുള്ള ഭൂമിക്ക് മാത്രമെന്നും അതിലധികം ഭൂമിയുള്ളവർക്ക് ഇളവ് നൽകാനാകില്ലെന്നും നിയമവകുപ്പ് റവന്യു വകുപ്പിന് നിയമോപദേശം നൽകി. ഇക്കഴിഞ്ഞ ഫെബ്രുവരി 25ലെ ഉത്തരവിലെ അവ്യക്തത നീക്കണമെന്ന് ആർ.ഡി.ഒ മാർ ആവശ്യപ്പെട്ടതിനെതുടർന്നാണ് നിയമവകുപ്പിന്റെ ഉപദേശം തേടിയത്. ഉത്തരവ് ഇറങ്ങിയ ഫെബ്രുവരി 25 ന് മുമ്പ് അപേക്ഷ നൽകിയവർക്ക് ഇളവ് നൽകാനാവില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസത്തിനുള്ളിൽ പുതുക്കിയ ഉത്തരവ് റവന്യുവകുപ്പ് പുറത്തിറക്കും.

2008ന് മുമ്പ് നികത്തിയതും ഡേറ്ര ബാങ്കിൽ ഉൾപ്പെടാത്തതും ബി.ടി.ആറിൽ നിലം എന്നു രേഖപ്പെടുത്തിയതുമായ സ്ഥലങ്ങൾക്ക് നിശ്ചിത ഫീസ് അടച്ച് തരം മാറ്രം ക്രമവത്കരിക്കാമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. ഭൂ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഗ്രാമ, മുനിസിപ്പൽ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്ത ഫീസാണ് ഈടാക്കിയിരുന്നത്. പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ട് മുമ്പാണ് 25 സെന്റ് വരെയുള്ള നികത്തലിന് ഫീസ് ഒഴിവാക്കി ഫെബ്രുവരി 25ന് സർക്കാർ ഉത്തരവിറക്കിയത്.

Advertisement
Advertisement