അതിർത്തി സംഘർഷം: പ്രതിപക്ഷത്തെ കൈയിലെടുക്കാൻ കേന്ദ്രം

Saturday 17 July 2021 12:00 AM IST

ന്യൂഡൽഹി: അടുത്തയാഴ്ച തുടങ്ങുന്ന പാർമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപായി ചൈനീസ് അതിർത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണിയുമായും എൻ.സി.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് പവാറുമായും കൂടിക്കാഴ്ച നടത്തി. കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ രാജ്നാഥ് ഇരുവരെയും ധരിപ്പിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി അതിർത്തിയിൽ സമാധാനം നിലനിറുത്തുന്ന കാര്യം ചർച്ച ചെയ്തതും രാജ്നാഥ് സൂചിപ്പിച്ചു.

പാർലമെന്റ് സമ്മേളനത്തിൽ ചൈനീസ് അതിർത്തിയിൽ സംഘാർഷാവസ്ഥ തുടരുന്നത് സർക്കാരിന്റെ പിടിപ്പുകേടായി ചൂണ്ടിക്കാട്ടാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചൈനീസ് വിഷയം തുടർച്ചയായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം നടന്ന പ്രതിരോധത്തിനായുള്ള പാർലമെന്റ് സമിതിയിൽ ചൈനീസ് അതിർത്തിയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചിരുന്നു.

Advertisement
Advertisement