പെട്രോൾ പമ്പ് ജീവനക്കാരനെ കൊള്ളയടിച്ച സംഭവം: 2 പേർ പിടിയിൽ

Saturday 17 July 2021 1:46 AM IST

ആലപ്പുഴ: കലവൂരിലെ പെട്രോൾ പമ്പ് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63 ലക്ഷം രൂപ ബൈക്കിലെത്തി തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് കുന്നേപ്പാടം വീട്ടിൽ രണവൽ പ്രതാപൻ (28), കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് മുഹമ്മ പുത്തൻചിറ വീട്ടിൽ ആഷിക് (27) എന്നിവരെയാണ് ആലപ്പുഴ ഡിവൈ എസ്.പി എൻ. ജയരാജിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്. കവർച്ചയ്ക്ക് ഉപയോഗിച്ച പൾസർ ബൈക്കും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ഏപ്രിൽ 26 ന് ഉച്ചയ്ക്ക് 12.30 ഓടെ കലവൂർ മലബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനടുത്തുള്ള പമ്പിലെ ജീവനക്കാരൻ പണമടങ്ങിയ ബാഗുമായി സൈക്കിളിൽ ബാങ്കിലേക്ക് പോകുമ്പോൾ ജാക്കറ്റും ഹെൽമറ്റും മാസ്കും ധരിച്ചയാൾ നടന്നുവന്ന് ജീവനക്കാരനെ തള്ളിയിട്ടശേഷം ബാഗ് കവർന്നു. ഈ സമയം ബൈക്കിലെത്തിയ ആൾ മോഷ്ടാവിനെയും കയറ്റി ചേർത്തല ഭാഗത്തേക്ക് കടന്നു. ഐ.ടി.സി കോളനി വഴി മുഹമ്മ വരെ സഞ്ചരിച്ചതായി സി.സി.ടിവി കാമറകൾ നിരീക്ഷിച്ചതിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു. കെ.എൽ 32 എൽ രജിസ്ട്രഷനിലുള്ള വാഹനമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് എൽ രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ വിലാസം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായ പ്രതികളുടെ സുഹൃത്തിന്റെ വാഹനമാണെന്ന് വ്യക്തമായി. ഇതിനിടെ ലഭിച്ച രഹസ്യവിവരത്തിലും ഇതേ ബൈക്ക് പ്രതികൾ സംഭവദിവസം ഉപയോഗിച്ചതായി അറിഞ്ഞു. തുടർന്ന് ബൈക്കുടമയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതികളെ വ്യക്തമായി. വ്യാഴാഴ്ച ആഷികും ഇന്നലെ രണവൽ പ്രതാപനും പിടിയിലായി.

ആഷിക് ആണ് ജീവനക്കാരനെ തള്ളിയിട്ട് ബാഗ് കവർന്നത്. പണം ധൂർത്തടിച്ചു. പ്രതികളെ പെട്രോൾ പമ്പിലും കവർച്ച നടത്തിയ സ്ഥലത്തും എത്തിച്ച് തെളിവെടുത്തു. മയക്കുമരുക്ക്, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണിവർ. മണ്ണഞ്ചേരി എസ്.എച്ച്.ഒ രവി സന്തോഷ്, സൈബർ സെൽ എസ്.എച്ച്.ഒ എ.കെ.രാജേഷ്, മണ്ണഞ്ചേരി എസ്.ഐ കെ.ആർ.ബിജു, ബി.കെ.അശോകൻ, മോഹൻ കുമാർ, എ.സുധീർ, എ.അരുൺകുമാർ, കെ.എസ്.ഷൈജു, വി.എസ്.ബിനോജ്, ജോസഫ് ജോയി, പി.ബി. ജഗദീഷ്, സി.പി.പ്രവീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികുടിയത്.

Advertisement
Advertisement