കോട്ടൂരിലും വ്ളാവെട്ടിയിലും ലഹരി മാഫിയ വിളയാട്ടം, വീടും പൊലീസ് വാഹനവും അടിച്ചുതകർത്തു

Saturday 17 July 2021 2:20 AM IST

കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ, വ്ളാവെട്ടി പ്രദേശങ്ങളിൽ ലഹരി മാഫിയ സംഘം വീടും സംഭവ സ്ഥലത്തെത്തിയ പൊലീസ് വാഹനവും അടിച്ചുതകർത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

വ്ളാവെട്ടി നെല്ലിക്കുന്ന് കോളനിയിൽ സജികുമാറിന്റെ വീടിനുനേരെ വെള്ളിയാഴ്ച പുലർച്ചെ പെട്രോൾ ബോംബെറിഞ്ഞ ശേഷം ജനൽ വാതിലുകൾ അടിച്ചുതകർക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം. മലയിൻകീഴ് സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അക്രമികൾ തകർത്തത്. പരിക്കേറ്റ നെയ്യാർഡാം സ്റ്റേഷനിലെ സി.പി.ഒ ടിനു ജോസഫ് ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി 11ഓടെ മാരകായുധങ്ങളുമായി എത്തിയ സംഘം സജികുമാറിന്റെ വീടിന് മുന്നിൽ തമ്പടിച്ച് അസഭ്യവർഷം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നാലെ പെട്രോൾ ബോംബെറിയുകയും ഇരുചക്രവാഹനങ്ങൾ അടിച്ചുതകർക്കുകയുമായിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയതോടെ അക്രമിസംഘം വനമേഖലയിലേക്ക് ഓടിമറഞ്ഞു. സംഭവ സ്ഥലത്തുനിന്നും അക്രമികളുടേതെന്ന് കരുതുന്ന അഞ്ച് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.
ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് കോട്ടൂരിൽ വച്ച് ലഹരി മാഫിയാ സംഘം പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ കോട്ടൂർ നാരകത്തിന്മൂട് പള്ളിവിള ഹൗസിൽ ബദറുദീന്റെ വീടിനുനേരെയും മാഫിയാ സംഘം ആക്രമണം നടത്തി. ലഹരിമാഫിയയെപ്പറ്റി പൊലീസിൽ വിവരം നൽകിയെന്നാരോപിച്ചായുന്നു ആക്രമണം. വീടിന്റെ വരാന്തയിലിരുന്ന് സമീപവാസിയായ യുവാവ് കഞ്ചാവ് വലിക്കുന്നത് ബദറുദ്ദീൻ വിലക്കിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് നെയ്യാർഡാം പൊലീസ് മാഫിയാ സംഘത്തലവനെ പിടികൂടിയിരുന്നു. തുടർന്നാണ് ഇവർ പൊലീസിന് നേരെ ആക്രമണം നടത്താൻ കാരണമെന്നാണ് വിവരം. കാട്ടാക്കട, നെയ്യാർ ഡാം, മലയിൻകീഴ്, മാറനല്ലൂർ, ആര്യങ്കോട് പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികൾക്കായി വനത്തിൽ തെരച്ചിൽ ഊർജിതമാക്കി. ഇന്നലെ ഉച്ചയോടെ റൂറൽ എസ്.പി. മധു സംഭവ സ്ഥലം സന്ദർശിച്ചു.

റൂറൽ എസ്.പി,​ കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്ത് ഉൾപ്പെടയുള്ളവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ ലഹരി മാഫിയാ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്ഥലത്ത് സമാധാനാന്തരീക്ഷമൊരുക്കുമെന്നും റൂറൽ എസ്.പി പറഞ്ഞു. വ്ളാവെട്ടി നെല്ലിക്കുന്ന് പ്രദേശം ലഹരി മാഫിയകളുടെ സ്ഥിരം സങ്കേതമാണ്. അഗസ്‌ത്യവനമേഖലയോടടുത്തുള്ള സ്ഥലത്ത് ജനവാസം കുറഞ്ഞതാണ് ലഹരി മാഫിയ സംഘം സജീവമാകാൻ കാരണം. സംഘങ്ങളുടെ ആക്രമണം ഭയന്ന് പ്രദേശവാസികൾ ഇക്കാര്യങ്ങൾ പലപ്പോഴും പൊലീസിനെ അറിയിക്കാൻ മടിക്കുകയാണ്.

Advertisement
Advertisement