സിക്ക: നിർമ്മാണ സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി

Saturday 17 July 2021 2:20 AM IST

തിരുവനന്തപുരം: ജില്ലയിൽ സിക്ക വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും തീവ്ര പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തൊഴിൽ വകുപ്പ് എന്നിവ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റുകളിൽ സിക്ക പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനായി ദ്രുത പ്രതികരണ സംഘം രൂപീകരിച്ച് പ്രവർത്തന പദ്ധതി നടപ്പാക്കും. ജില്ലാവികസന കമ്മിഷണർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ കടകംപള്ളി വാർഡിലെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റുകളിൽ സംഘം പരിശോധന നടത്തി. സിക്ക, ഡെങ്കി, ചിക്കുൻ ഗുനിയ എന്നിവ സ്ഥിരീകരിച്ച മേഖലകളിൽ രാവിലെ 6 മുതൽ 9 വരെ ഫോഗിംഗും അനുബന്ധ പ്രവർത്തനങ്ങളും നടത്തും. അവശ്യഘട്ടങ്ങളിൽ കൊതുകിന്റെ മുട്ടകൾ നശിപ്പിക്കാൻ കെമിക്കൽ ലായനികൾ പ്രയോഗിക്കും. ലേബർ ക്യാമ്പുകൾ സന്ദർശിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാ കരാറുകാർക്കും അറിയിപ്പ് നൽകും. വെള്ളം കെട്ടിക്കിടക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകം നിരീക്ഷിച്ച് ശുചിയാക്കും. ദ്രുത പ്രതികരണ സംഘം സന്ദർശിക്കുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും പട്ടിക തയ്യാറാക്കി സൂക്ഷിക്കും.

Advertisement
Advertisement