അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിക്ക് പാകിസ്ഥാൻ ഉത്തരവാദിയല്ല : ഇമ്രാൻ ഖാൻ

Saturday 17 July 2021 2:22 AM IST

താഷ്കെന്റ് : അഫ്ഗാനിസ്ഥാൻ - താലിബാൻ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ വിഷയത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'മധ്യ-ദക്ഷിണ ഏഷ്യ പ്രാദേശിക ബന്ധം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ ഉസ്ബക്കിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വെച്ചായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇമ്രാൻ ഖാൻ ഉസ്ബക്കിസ്ഥാനിലെത്തിയത്.

താലിബാനുമായുള്ള സമാധാനപരമായ ചർച്ചയ്ക്ക് വേണ്ടി എല്ലാവിധ ശ്രമങ്ങളും നടത്തിവരികയാണ്. അയൽ രാജ്യമെന്ന നിലയിൽ അഫ്ഗാനിസ്ഥാൻ പൗരന്മാർ തങ്ങളുടെ സഹോദരന്മാരാണ്. അവിടെ സമാധാനം പുലരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിന് സമാധാനപരമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പാണ് വേണ്ടത് - ഇമ്രാൻ ഖാൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താലിബാന് പിന്തുണ നല്കുന്നതിന് പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ രംഗത്തെത്തിയിരുന്നു.

പാക് മണ്ണിൽ വളരാൻ അനുവദിച്ച ഭീകര സംഘടനയാണ് താലിബാൻ എന്നും താലിബാന് പാകിസ്താൻ ചെയ്യുന്ന ധനസഹായം നിർത്തലാക്കണമെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മർ ആവശ്യപ്പെട്ടിരുന്നു.

പാകിസ്ഥാൻ നടത്തുന്നത് ഒളിയാക്രമണമെന്നാണ് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ളാ സലേഹും ആരോപിച്ചിരുന്നു. പാക് അതിർത്തിയിലെ താലിബാൻ കേന്ദ്രമായ സ്പിൻ ബോൾദാകിനെ ആക്രമിക്കാനുള്ള അഫ്ഗാൻ സേനയുടെ തയ്യാറെടുപ്പിനെ പാകിസ്ഥാൻ പ്രതിരോധിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെ തുടർന്നാണ് ഇമ്രാൻ ഖാൻ വിശദീകരണവുമായി രംഗത്തെത്തിയത്.

Advertisement
Advertisement