പാകിസ്ഥാനിലെ ബസ് സ്ഫോടനം : അന്വേഷണത്തിൽ പങ്കാളിയാവുമെന്ന് ചൈന

Saturday 17 July 2021 2:26 AM IST

ബീജിംഗ് : പാകിസ്ഥാനിൽ ചൈനീസ് എഞ്ചിനീയർമാർക്ക് നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ ചൈനയും പങ്കാളിയാവും. കേസന്വേഷണത്തിൽ സഹായിക്കാൻ ചൈനയിൽ നിന്ന് വിദഗ്ധ സംഘത്തെ അയയ്ക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ അറിയിച്ചു. ഇതിനിടെ ഇരു രാജ്യങ്ങളും തമ്മിൽ ഈ ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സമ്പത്തിക ഇടനാഴിയുടേയും തുറമുഖ നിർമ്മാണത്തിന്റേയും ചർച്ച മാറ്റി വച്ചു. പാകിസ്ഥാനിൽ പദ്ധതിയുടെ ചുമതല വഹിക്കുന്ന മേജർ ജനറൽ അസിം ബാജ്‌വയാണ് ഇക്കാര്യം അറിയിച്ചത്.സ്ഫോടന കാരണം ബസിലെ വാതക ചോർച്ചയാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവം ഭീകരാക്രമണമാണെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി ശിക്ഷിക്കണമെന്നുമായിരുന്നു ചൈനീസ് സർക്കാരിന്റെ നിലപാട്. എന്നാൽ സംഭവ സ്ഥലത്ത് നിന്നുള്ള കൂടുതൽ തെളിവുകൾ പരിശോധിച്ചപ്പോൾ ഭീകരാക്രമണ സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് നിലവിൽ പാകിസ്ഥാന്റെ നിലപാട്.

Advertisement
Advertisement