ഇന്ത്യ- അഫ്ഗാൻ സംയുക്ത പദ്ധതിയായ സൽമ അണക്കെട്ടിന് നേരെ താലിബാൻ വെടിവയ്പ്പ്

Sunday 18 July 2021 12:00 AM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഇന്ത്യ – അഫ്ഗാൻ സംയുക്തസംരംഭമായ സൽമ അണക്കെട്ടിനുനേരെ താലിബാന്റെ വെടിവയ്പ്. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലാണ് രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ സൽമ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 2016 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായി ഉദ്ഘാടനം ചെയ്ത സൽമ അണക്കെട്ടിലാണ് താലിബാൻ ആക്രമണം നടത്തുന്നത്. അണക്കെട്ടിന് നേരേ താലിബാൻ ഭീകരർ തുടരെത്തുടരെ റോക്കറ്റുകൾ വിക്ഷേപിക്കുന്നതായാണ് വിവരം. ഇത് തുടർന്നാൽ അണക്കെട്ട് തകരുമെന്നും ഇത് വലിയ ദുരന്തത്തിന് വഴി തെളിക്കുമെന്നും അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പു നൽകി. അണക്കെട്ട് തകർന്നാൽ പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകും. എന്നാൽ തങ്ങൾ അണക്കെട്ടിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി താലിബാൻ രംഗത്തെത്തി. അണക്കെട്ടിന് നേരേ വെടിവയ്പ്പോ റോക്കറ്റാക്രമണമോ നടത്തിയിട്ടില്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

ചെഷ്ത് ജില്ലയിൽ ഹരിരോദ് നദിക്കു കുറുകെയാണ് സൽമ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 107 മീറ്റർ ഉയരമുള്ള അണക്കെട്ടിന് 550 മീറ്റർ നീളമുണ്ട്. 42 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള അണക്കെട്ടിൽ നിന്ന് 7,000 ഹെക്ടർ ഭൂമിക്ക് ജലം നൽകാം. പ്രവിശ്യയിലെ 8 ജില്ലകളാണ് അണക്കെട്ടിനെ ആശ്രയിച്ചു ജീവിക്കുന്നത്.
2005ൽ ഇന്ത്യയാണ് പദ്ധതിക്ക് സാമ്പത്തിക സഹായം നൽകി സഹായിച്ചത്. അണക്കെട്ടിനായി 2290 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായമാണ് ഇന്ത്യ നല്കിയത്.

അഫ്ഗാൻ സർക്കാർ - താലിബാൻ സമവായ ചർച്ച ദോഹയിൽ

ദോഹ : അഫ്ഗാനിസ്ഥാനിൽ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ അഫ്ഗാൻ സർക്കാരിന്റെ ഉന്നത പ്രതിനിധികളും താലിബാൻ നേതാക്കളും തമ്മിലുള്ള സമവായ ചർച്ചകൾക്ക് ദോഹയിൽ തുടക്കമായി. കഴിഞ്ഞ കുറേ മാസങ്ങളായി ഇരു വിഭാഗങ്ങളും തമ്മിൽ രാഷ്ട്രീയ സമവായത്തിനായി ചർച്ചകൾ പുനരാരംഭിച്ചിരുന്നെങ്കിലും രാജ്യത്ത് സംഘർഷം ശക്തമായതോടെ ചർച്ചകൾ ഉപേക്ഷിച്ചിരുന്നു. സർക്കാർ പ്രതിനിധി സംഘത്തിൽ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർ ചേരുന്നുണ്ട്. എത്രയും പെട്ടെന്ന് ചർച്ചകളിലൂടെ സമവായത്തിലെത്തി രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നിർദ്ദേശങ്ങൾ താലിബാൻ പ്രതിനിധികളുമായി ചർച്ച ചെയ്യും. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ സന്നദ്ധരാണെന്ന് താലിബാൻ മുൻപും വ്യക്തമാക്കിയിട്ടുണ്ടെന്ന് താലിബാൻ വക്താവ് മുഹമ്മദ് നയീംപ്രസ്താവിച്ചു. എന്നാൽ ചർച്ചയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം. സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ വെടിനിറുത്തൽ അത്യാവശ്യമാണെന്നാണ് സർക്കാർ വാദം. എന്നാൽ ഇത് അംഗീകരിക്കാൻ താലിബാൻ തയ്യാറല്ലാത്തതാണ് പ്രധാന പ്രശ്നം.

Advertisement
Advertisement