ഹജ്ജിനായി വ്യാജരേഖ: പ്രവാസികൾ ഉൾപ്പെടെ 122 പേർ പിടിയിൽ

Sunday 18 July 2021 12:00 AM IST

റിയാദ്: ഹജ്ജ് യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായി വ്യാജ രേഖകൾ ചമച്ച് വിതരണം ചെയ്ത സംഘത്തെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നല്കുന്നവരും, തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവരും പണം നൽകി വ്യാജ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയവരും ഉൾപ്പെടെ 122 പേരെയാണ് സൗദി അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇതിൽ പ്രവാസികളും ഉൾപ്പെടും.

തട്ടിപ്പു സംഘം വാക്സിനെടുക്കാത്തവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും ഒരു ഡോസ് മാത്രം എടുത്തവർക്ക് രണ്ട് ഡോസ് എടുത്തതായുള്ള സർട്ടിഫിക്കറ്റും കൊവിഡ് പരിശോധന നടത്താതെ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർമിച്ചു നൽകിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അറസ്റ്റിലായ 122 പേരിൽ ഒൻപതു പേർ സ്വദേശികളായ ആരോഗ്യ മന്ത്രാലയം ജീവനക്കാരാണ്. ഒൻപത് സ്വദേശികളും 12 പ്രവാസികളും തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചതായാണ് വിവരം. 76 പൗരന്മാരും 16 പ്രവാസികളും ഉൾപ്പെടെ 92 പേരാണ് വൻ തുക നൽകി വ്യാജ സർട്ടിഫിക്കറ്റ് നേടിയതിന് പിടിയിലായത്.

അനധികൃതമായി ഹജ്ജിന് വരാൻ ശ്രമിക്കുന്നത് പിടിക്കപ്പെട്ടാൽ തടവ് ശിക്ഷ, വൻ തുക പിഴ, നാടുകടത്തൽ , വിസ റദ്ദാക്കൽ തുടങ്ങിയ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ഭരണകൂടം മുന്നറിയിപ്പ് നല്കിയിരുന്നു.

Advertisement
Advertisement