ഭീകരാക്രമണത്തെ തുടർന്ന് ദാസു അണക്കെട്ടിന്റെ പ്രവർത്തനം നിറുത്തിവയ്ക്കുന്നതായി ചൈന

Sunday 18 July 2021 12:38 AM IST

ബീജിംഗ് : പാകിസ്ഥാനിൽ ചൈന നിർമ്മിക്കുന്ന ദാസു അണക്കെട്ടിന്റെ ചുമതലയുള്ള ചൈനീസ് എൻജിനീയർമാർക്കെതിരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ദാസു അണക്കെട്ടിന്റെ പ്രവർത്തനത്തിൽ നിന്ന് ചൈന പിന്മാറുന്നു. ജൂലൈ പതിനാലിന് സംഭവിച്ച ആക്രമണത്തിൽ 9 ചൈനീസ് എൻജിനീയർമാർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനാൽ സംരംഭം ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണെന്ന് പദ്ധതിയുടെ ചുമതലയുള്ള ചൈനീസ് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പഴുതടച്ച അന്വേഷണം നടത്തണമെന്നും ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ബസിലെ വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് വാദിച്ച പാകിസ്ഥാൻ ഇപ്പോൾ നിലപാട് മാറ്റി സംഭവം ഭീകരാക്രമണം തന്നെയെന്ന് സമ്മതിച്ചിട്ടുണ്ട്. ഉന്നത തല അന്വേഷണം നടക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തുമെന്നും പാക് മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞു. സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പങ്ക് ചേരാൻ 15 അംഗ ചൈനീസ് സംഘം പാകിസ്ഥാനിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഖൈബർ പക്തൂൺ ഖ്വ പ്രവിശ്യയിൽ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് ദാസു അണക്കെട്ട്. തെക്കൻ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെ പടിഞ്ഞാറൻ ചൈനയുമായി ബന്ധിപ്പിക്കാൻ ചൈന നടപ്പാക്കുന്ന 6500 കോടി ഡോളറിന്റെ ( 4.75ലക്ഷം കോടി രൂപ )​ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമാണിത്.

Advertisement
Advertisement