ഡാനിഷിന്റെ മരണം ഓർമ്മിപ്പിക്കുന്നത്

Sunday 18 July 2021 1:19 AM IST

ലോകത്തെ നടുക്കുകയും ചിന്തിപ്പിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്ത അനവധി ദൃശ്യങ്ങൾ സമ്മാനിച്ച 'റോയിട്ടർ" ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അകാല വേർപാട് മാദ്ധ്യമ ലോകത്തിന് മറക്കാനാവാത്ത ദാരുണ സംഭവമായി നിലനിൽക്കും. നശീകരണം മാത്രമറിയുന്ന താലിബാൻ ഭീകരരുടെ റോക്കറ്റാക്രമണത്തിലാണ് അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തുവച്ച് സിദ്ദിഖി കൊല്ലപ്പെട്ടത്. റോയിട്ടേഴ്‌സിന് വേണ്ടി ചിത്രങ്ങൾ പകർത്തുന്നതിനിടയിലായിരുന്നു ആക്രമണം. അഫ്ഗാൻ സേനയുടെ കവചിത വാഹനത്തിലുണ്ടായിരുന്ന ഒരു സേനാംഗവും കൊല്ലപ്പെട്ടു. ടിവി റിപ്പോർട്ടറായി ജോലി തുടങ്ങിയ നാല്പതുകാരനായ സിദ്ദിഖി പിന്നീട് ഫോട്ടോ ജേർണലിസ്റ്റായി മാറി. യുദ്ധത്തിലും കലാപത്തിലും സംഘർഷത്തിലും സമാധാനത്തിലും, പ്രതിഭാധനനായ ആ യുവാവിന്റെ കാമറ മറ്റാരും പകർത്താത്ത അപൂർവ ചിത്രങ്ങൾ പകർത്തി. 2018-ലെ പുലിറ്റ്‌സർ സമ്മാനം ഉൾപ്പെടെ അനവധി കീർത്തിമുദ്ര‌കൾ നേടിയിട്ടുള്ള സിദ്ദിഖി അനിതര സാധാരണമായ വൈദഗ്ദ്ധ്യവും ഉൾക്കാഴ്ചയുമുള്ള പ്രതിഭാശാലിയായിരുന്നു. കാശ്മീരിൽ ജനിച്ച് മുംബയിൽ വസിച്ച് ഡൽഹിയിൽ പഠനം നടത്തിയ സിദ്ദിഖി ഇന്ത്യൻ മാദ്ധ്യമലോകത്തിന് വിസ്മരിക്കാനാകാത്ത നാമമായി നിലനിൽക്കും.

സംഘർഷം നിറഞ്ഞ ലോകത്ത് പണിയെടുക്കുന്ന റിപ്പോർട്ടർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും ജീവിതം ഇക്കാലത്ത് എത്രമാത്രം അപകടം നിറഞ്ഞതാണെന്ന് കാട്ടിത്തരുന്നതാണ് സിദ്ദിഖിയുടെ ദാരുണാന്ത്യം. സ്വജീവൻ വകവയ്ക്കാതെയാണ് അവർ പണിയെടുക്കുന്നത്. ഈ വർഷം ഇതുവരെ മൂന്നു ഡസനിലേറെ പ്രമുഖ മാദ്ധ്യമപ്രവർത്തകർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അപകടകരമായ സാഹചര്യങ്ങൾ അവർ‌ക്ക് പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തപസ്യ കൂടിയാണ്. ഭീകരതയ്ക്കും ദുരിതാവസ്ഥയ്ക്കുമപ്പുറമുള്ള മനുഷ്യാവസ്ഥയാണ് സിദ്ദിഖിയുടെ ചിത്രങ്ങളെ വേറിട്ടു നിറുത്തിയത്. സാധാരണ മനുഷ്യർക്ക് കടന്നുചെല്ലാനാകാത്ത ഇടങ്ങളാകും ഇത്തരക്കാരുടെ പ്രവർത്തന മേഖല. മനുഷ്യരും അവരുടെ ദുരിതാവസ്ഥകളുമായിരുന്നു സിദ്ദിഖിയുടെ ഇഷ്ട ഫ്രെയിമുകൾ. കൊവിഡ് മഹാമാരിയെ നേരിടാൻ മുന്നറിയിപ്പില്ലാതെ രാജ്യമാകെ ലോക്ക് ഡൗണിലായപ്പോൾ നാടുകളിലേക്കു കാൽനടയായി പോകേണ്ടിവന്ന മറുനാടൻ തൊഴിലാളികളുടെ ദീനാനുഭവങ്ങളുടെ രൂക്ഷത നിറയുന്നതായിരുന്നു സിദ്ദിഖിയുടെ ചിത്രങ്ങൾ. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊവിഡ് മരണങ്ങൾ നിയന്ത്രണാതീതമായപ്പോൾ ഗംഗാതീരത്ത് ഉയർന്ന നൂറുകണക്കിന് ചിതകളുടെ ആകാശദൃശ്യം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. മഹാമാരിക്കു മുന്നിൽ പകച്ചുപോയ ഭരണകൂട നിസംഗത ഇതിനെക്കാൾ ഉള്ളിൽത്തട്ടും വിധം പകർത്താൻ മുഴുവൻ പേജ് ലേഖനത്തിനു പോലുമാകില്ല.

ഡാനിഷ് സിദ്ദിഖിയുടെ ആകസ്മികമായ വേർപാട് അഫ്‌ഗാനിസ്ഥാനിൽ വരാനിരിക്കുന്ന വലിയ വിപത്തിന്റെ നാന്ദി മാത്രമാണ്. അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും സേനകളെ പൂർണമായും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിച്ചുകഴിഞ്ഞു. ഈ തക്കം മുതലാക്കി അഫ്‌ഗാൻ ഭരണം പിടിച്ചെടുക്കാനുള്ള പോരാട്ടമാണ് താലിബാൻ നടത്തിക്കൊണ്ടിരിക്കുന്നത്. താലിബാൻ ഉൾപ്പെടെ ഭീകര സംഘടനകൾക്ക് സഹായം നൽകാറുള്ള പാകിസ്ഥാനും കടുത്ത വേവലാതിയിലാണ്. താലിബാൻ പോരാളികൾ പാക് അതിർത്തി വരെ എത്തിയതിൽ അവർ ഏറെ ആശങ്കാകുലരാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ പാകിസ്ഥാനെയാണു ഏറ്റവുമധികം പ്രതികൂലമായി ബാധിക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രസ്താവന ഈ അരക്ഷിതബോധത്തിനു തെളിവാണ്. അതിനിടെ സേനയെ പൂർണമായും പിൻവലിച്ച യു.എസ് നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യയും രംഗത്തുവന്നിട്ടുണ്ട്. അഫ്‌ഗാൻഭരണം താലിബാൻ പിടിച്ചാൽ അവരുടെ സർക്കാരിനെ തങ്ങൾ അനുകൂലിക്കുമെന്ന ബ്രിട്ടീഷ് നിലപാടിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. അഫ്‌ഗാനിസ്ഥാൻ ഒരിക്കൽക്കൂടി ഏഷ്യയുടെയാകെ സമാധാനത്തിനു കടുത്ത ഭീഷണിയാകാൻ പോവുകയാണ്.

Advertisement
Advertisement