ഓക്‌സിജൻ കോൺസൺട്രേറ്റർ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ചു, കൊവിഡ് രോഗിയായ ഭർത്താവിന് ഗുരുതര പരിക്ക്, സംഭവത്തിന് കാരണമായത് ചെറിയൊരു അശ്രദ്ധ

Sunday 18 July 2021 1:16 PM IST

ജയ്‌പൂ‌ർ: കൊവിഡ് രോഗത്തിന് ചികിത്സയിൽ കഴിയുന്നയാൾക്ക് ഓക്‌സിജൻ ലഭിക്കാൻ ഉപയോഗിച്ച ഓക്‌സിജൻ കോൺസൺട്രേറ്റർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.മറ്റൊരാൾക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ ഗംഗാപൂരിലാണ് സംഭവം.

കൊവിഡ് രോഗിയായ സുൽത്താൻ സിംഗിന്റെ ആവശ്യത്തിനായി വാങ്ങിയ ഓക്സിജൻ കോൺസൺട്രേറ്റർ പൊട്ടിത്തെറിച്ചാണ് ഇദ്ദേഹത്തെ ചികിത്സിയ്‌ക്കാൻ വീട്ടിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ സന്തോഷ് മീണ മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞ രണ്ട് മാസങ്ങളായി സുൽത്താൻ സിംഗിന് കൊവിഡ് മൂലം ശ്വാസതടസമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി ഓക്‌സിജൻ കോൺസൺട്രേറ്റർ വാങ്ങി. ഇദ്ദേഹത്തെ സഹായിക്കാൻ ഭാര്യയും സ്ഥലത്തെ ഗേൾസ് സ്‌കൂളിലെ ഹെഡ്‌മിസ്‌ട്രസുമായ സന്തോഷ് മീണയുമുണ്ടായിരുന്നു. ശനിയാഴ്‌ച രാവിലെ ശ്വാസതടസം മാറാൻ ഓക്‌സിജൻ കോൺസൺട്രേറ്റ‌ർ വച്ചിരുന്ന സുൽത്താൻ മുറിയിലെ സ്വിച്ചിട്ടപ്പോൾ യന്ത്രം പൊട്ടിത്തെറിക്കുകയായിരുന്നു.

യന്ത്രത്തിന് ചോ‌ർച്ചയുണ്ടായിരുന്നതായും ഇതുവഴി പുറത്തുവന്ന ഓക്‌സിജൻ സ്വിച്ച് ഓൺ ചെയ്‌തപ്പോൾ ഉണ്ടായ സ്‌പാർക്കുമായി ചേർന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശബ്‌ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ ശരീരമാകെ തീപിടിച്ച സുൽത്താൻ സിംഗിനെയും സന്തോഷ് മീണയെയുമാണ് കണ്ടത്. ഉടനെ ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റിയെങ്കിലും യാത്രാമധ്യേ മീണ മരിച്ചു. ഗുരുതരമായ പരിക്കേറ്റ സിംഗ് ജയ്‌പൂ‌രിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവർക്ക് 10ഉം 12ഉം വയസുള‌ള രണ്ട് ആൺമക്കളുണ്ടെന്നും എന്നാൽ അപകട സമയത്ത് വീട്ടിലില്ലാത്തതിനാൽ അവർ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. യന്ത്രം വിതരണം ചെയ്‌ത കടയുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Advertisement
Advertisement