വെള്ളപ്പൊക്കഭീതിയിൽ പടിഞ്ഞാറൻമേഖല

Monday 19 July 2021 12:00 AM IST

കുമരകം: തുടർച്ചയായ മൂന്നുവർഷങ്ങളിലായി ഏഴു തവണ പ്രളയ ദുരിതം അനുഭവിച്ച പടിഞ്ഞാറൻമേഖലയിൽ ആശങ്ക ഉയർത്തി ജലനിരപ്പ് വീണ്ടും ക്രമാതീതമായി ഉയരുന്നു. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ജില്ലയുടെ ഏറ്റവും താഴ്ന്ന പഞ്ചായത്തായ തിരുവാർപ്പിലെ 90 ശതമാനം പ്രദേശങ്ങളിലും വെള്ളം കയറിയതായി പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ പറഞ്ഞു. മാധവശ്ശേരി കോളനി , കാഞ്ഞിരം, താമരശ്ശേരി കോളനി, പരുത്തിയകം, മോർകാട്, മാടേകാട് , ഇടക്കരിച്ചിറ, മാവിളന്തറ തുടങ്ങിയ പ്രദേശങ്ങളിലും സമാനസ്ഥിതിയാണ്. സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനാണ് പഞ്ചായത്ത് തീരുമാനം. കൊവിഡ് പരിശോധനയ്ക്ക് ശേഷം ആയിരിക്കും ക്യാമ്പുകളിൽ പ്രവേശിപ്പിക്കുന്നത്. കുമരകം പഞ്ചായത്തിലെ കോന്നക്കരി , പൊങ്ങലക്കരി, ചുളഭാഗം, മറ്റീത്തറ, നാരകത്തറ, ആശാരി ശ്ശേരി തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലായി. അയ്മനം പഞ്ചായത്തിൽ കരീമഠം, പുലിക്കുട്ടിശ്ശേരി, വല്ല്യാട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചതായി വില്ലേജ് ഓഫീസർ അറിയിച്ചു. കോട്ടയം, വിജയപുരം, നാട്ടകം, അയർക്കുന്നം എന്നിവിടങ്ങളിൽ ഇന്നലെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

വിരിപ്പുകൃഷി വെള്ളത്തിലാകുമോ

കോട്ടയം - കുമരകം റോഡിൽ മുന്നുമൂല ഭാഗത്ത് രണ്ട് ദിവസം മുൻപ് വെള്ളം കയറിയിരുന്നു. റോഡ് കവിഞ്ഞു വെള്ളം കയറുന്നത് മാടപ്പള്ളിക്കാട്, കീറ്റുപാടം എന്നിവിടങ്ങളിെലെ വിരിപ്പു കൃഷി നശിക്കാനിടയാക്കും. കാറ്റിലും മഴയിലും മരങ്ങൾ കടപഴുകി വീണ് വെൈദ്യുതി നിലയ്ക്കുന്നത് മറ്റ് വിരിപ്പു കൃഷി ഇറക്കിയിരിക്കുന്ന പാടങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കും.

Advertisement
Advertisement