കർഷക സമരം പാർലമെന്റിന് മുന്നിലേക്ക്

Monday 19 July 2021 12:00 AM IST

​​​​​ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ കർഷക സമരം പാർലമെന്റിന് മുന്നിലേക്ക് നീങ്ങാനിരിക്കേ തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി. ആവശ്യമെങ്കിൽ ഇന്ന് പാർലമെന്റിന് സമീപത്തുള്ള ഏഴു മെട്രോ സ്റ്റേഷനുകൾ അടച്ചിടേണ്ടി വരുമെന്ന് ഡൽഹി പൊലീസ് മെട്രോ അധികൃതർക്ക് നിർദ്ദേശം നൽകി. പാർലമെന്റിന് സമീപത്ത് സമരം നടത്താൻ അനുമതി നൽകാനാകില്ലെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കർഷക നേതാക്കളോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു.

22 മുതൽ വർഷാകാല പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ആഗസ്റ്റ് 13വരെ സമരം പാർലമെന്റിന് മുന്നിലും ആരംഭിക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. അഞ്ച് കർഷക സംഘടനാ നേതാക്കളും 200 കർഷകരുമാണ് പാർലമെന്റിന് മുമ്പിൽ പ്രതിഷേധിക്കാനെത്തുമെന്നാണ് വിവരം. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുകയും വർഷകാല പാർലമെന്റ് സമ്മേളനം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം വീണ്ടും സജീവമാകുന്നത്. സമരത്തിന് പാർലമെന്റിന് അകത്തും പുറത്തും പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകിയിരുന്നു.

 ജനങ്ങൾ 2024 വരെ കാക്കില്ല :ഓംപ്രകാശ് ചൗട്ടാല

ഹരിയാനയിലും പഞ്ചാബിലും കർഷക പ്രതിഷേധം കനക്കുന്നതിനിടയിൽ കേന്ദ്രത്തിന് താക്കീതുമായി ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് ഓംപ്രകാശ് ചൗട്ടാല . 'ബി.ജെ.പിയുടെ തെറ്റായ നയങ്ങൾ പൗരന്മാർ അസന്തുഷ്ടരാണ്. ഈ കണക്കിന് പോയാൽ ജനം 2024 വരെ കാക്കില്ലെന്നാണ് തോന്നുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും നടക്കാം - ചൗട്ടാല അഭിപ്രായപ്പെട്ടു

Advertisement
Advertisement