സ്ഫടികത്തിൽ ലാലിന്റെ സപ്പോർട്ട് അപാരമായിരുന്നു, അതുതന്നെയാണ് എന്റെ കഥാപാത്രത്തിന്റെ വിജയം

Friday 15 March 2019 12:13 PM IST

സ്ഫടികം എന്ന ഒരൊറ്റ ചിത്രം മതി ജോർജ് എന്ന 'വില്ലൻ' പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്താൻ. ആടു തോമയോടൊപ്പം കട്ടയ്‌ക്ക് ഇടിച്ചു നിന്ന എസ്.ഐ കുറ്റിക്കാടനായി ജോർജ് നിറഞ്ഞാടിയതോടെ, സ്ഫടികം ജോർജ് എന്ന പേര് മലയാള സിനിമയിൽ എഴുതപ്പെടുകയായിരുന്നു. എന്നാൽ കുറ്റിക്കാടനായി മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാൻ തനിക്ക് കഴിഞ്ഞതിന് പിന്നിൽ മോഹൻലാൽ എന്ന നടന്റെ സപ്പോർട്ട് വളരെയധികമായിരുന്നെന്ന് പറയുകയാണ് സ്ഫടികം ജോർജ്.

ജോർജിന്റെ വാക്കുകൾ-

'സ്ഫടികത്തിൽ ലാലിന്റെ സപ്പോർട്ട് അപാരമായിരുന്നു. ചേട്ടാ നമുക്കിങ്ങനെ ചെയ്യാം എന്നു പറഞ്ഞ് നേരത്തെ തന്നെ ധൈര്യപ്പെടുത്തും. അതൊരു വലിയ സപ്പോർട്ട് ആയിരുന്നു. ഒരു പരിധി വരെ എന്റെ കഥാപാത്രത്തിന്റെ വിജയം, ഒന്ന് സംവിധായകൻ, രണ്ട് ലാൽ. പിന്നെ എന്നെ സപ്പോർട്ട് ചെയ്‌ത ആളുകളൊക്കെയായിരുന്നു. ചങ്ങനാശ്ശേരി ചന്തയിലാണ് ലാലിനെയും സിൽക്ക് സ്‌മിതയേയും അറസ്‌റ്റ് ചെയ്യുന്ന സീൻ ചിത്രീകരിച്ചത്. നമുക്ക് ഇമാജിൻ ചെയ്യാൻ പറ്റാത്ത ക്രൗഡ് ആയിരുന്നു അവിടെയുണ്ടായിരുന്നത്.

ആസമയത്തൊക്കെ എസ്.ഐ കുറ്റിക്കാടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ മനസിൽ, ഒരിക്കലും ഞാൻ ജോർജല്ല കുറ്റിക്കാടൻ പൊലീസ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. ലാൽ വളരെ സപ്പോർട്ട് ചെയ്‌തു. ലാലിനെ പുഷ് ചെയ്യുന്ന സീനൊക്കെയുണ്ട്. ധൈര്യമായിട്ട് പുഷ് ചെയ്‌തോളൂ, ബലത്തിൽ തന്നെ തള്ളിക്കൊള്ളാനാണ് ലാൽ പറഞ്ഞത്. അങ്ങനെയൊക്കെ ഒരുപാട് പ്രോത്സാഹനം ലാലിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു'.