കാൻ ചലച്ചിത്ര മേള : പാം ഡി ഓര്‍ പുരസ്കാരം ജൂലിയ ഡുകോര്‍നോയ്ക്ക്, ഇന്ത്യക്ക് അഭിമാനമായി പായൽ കപാഡിയ

Monday 19 July 2021 12:14 AM IST

  • പാം ഡി ഓര്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ജൂലിയ

കാന്‍സ്: കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്‌കാരം ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോർനോ സ്വന്തമാക്കി. ടിറ്റാനെ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം ജൂലിയ സ്വന്തമാക്കിയത്. കാനിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു വനിതക്ക് പാം ഡി ഓർ പുരസ്‌കാരം ലഭിക്കുന്നത്. 1993 ൽ ദി പിയാനോ എന്ന ചിത്രത്തിലൂടെ ജെയ്ൻ ക്യാംപെയ്നാണ് ഈ പുരസ്‌കാരം നേടിയ ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കിയത്.

മികച്ച ഡോക്യുമെന്ററിക്കുള്ള ഒയിൽ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പായൽ കപാഡിയ മേളയിൽ ഇന്ത്യയുടെ യശസ്സുയർത്തി. എ നൈറ്റ് നോയിംഗ് നത്തിംഗ് എന്ന ഡോക്യുമെന്ററിയിലൂടെയാണ് പായൽ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിനി തന്റെ മുൻ കാമുകനെഴുതുന്ന കത്തുകളാണ് എ നൈറ്റ് നോയിംഗ് നത്തിംഗിന്റെ ഇതിവൃത്തം.

ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ വിദ്യാർത്ഥിനിയാണ് മുംബയ് സ്വദേശിനിയായ പായൽ കപാഡിയ. പായലിന്റെ ആഫ്റ്റർനൂൺ ക്ലൗഡ്സ് എന്ന ചലച്ചിത്രവും ആന്റ് വാട്ട് ഈസ് ദി സമ്മർ സേയിംഗ് എന്ന ഡോക്യുമെന്ററിയും നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആന്റ് വാട്ട് ഈസ് ദി സമ്മർ സേയിംഗിന് 2018 ലെ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

വേഴ്സ്റ്റ് പേഴ്സൺ ഇൻ ദി വേൾഡ് എന്ന നോർവീജിയൻ ചിത്രത്തിലൂടെ റെനറ്റ് റീൻസ്വ് മികച്ച നടിയും ആസ്‌ട്രേലിയൻ ചിത്രമായ നിട്രാമിലൂടെ കലേബ് ലാൻഡ്രി ജോൺസ് മികച്ച നടനുമായി. 2021 കാനിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രിക്സ് പുരസ്‌കാരം രണ്ട് ചിത്രങ്ങൾ പങ്ക് വെച്ചു. അഷ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചലച്ചിത്രം എ ഹീറോ, ഫിൻലന്റിൽ നിന്നുള്ള ജൂഹോ കുവോസ്മാനേന്റെ കംപാർട്ട്‌മെന്റ് 6 എന്നീ ചിത്രങ്ങളാണ് പുരസ്കാരത്തിന് അർഹമായത്.

ഫ്രഞ്ച് ചിത്രമായ അനറ്റേയിലൂടെ ലിയോ കാരക്സ് മികച്ച സംവിധായകനായി.

ജപ്പാൻ ചിത്രമായ ഡ്രൈവ് മൈ കാറിന് തിരക്കഥയൊരുക്കിയ ഹമാഗുചി റൂസുകേയും തമകാസ് ഒയുമാണ് മികച്ച തിരക്കഥാകൃത്തുക്കൾക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം ഹോംങ്കോംഗിന്റെ ആൾ ദി ക്രോസ് ഇൻ ദി വേൾഡിലൂടെ താംങ് യി സ്വന്തമാക്കി. അഹെദ്സ് നീ എന്ന ചിത്രത്തിലൂടെ ഇസ്രയേൽ സംവിധായകൻ നവദ് ലപീദും മെമ്മൊറിയ എന്ന തായ്‌ലാന്റ് ചിത്രത്തിലൂടെ അപിചത്പോംഗ് വീരാസേതകുൾ എന്നിവർ ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹരായി.

കൊവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ കാൻ ചലച്ചിത്ര മേളയാണിത്. കൊവിഡ് മൂലം കഴിഞ്ഞ തവണത്തെ കാൻ ചലച്ചിത്ര മേള ഉപേക്ഷിച്ചിരുന്നു.

Advertisement
Advertisement